അതിജീവനവഴികളിലെ ആരോഗ്യപ്രവർത്തകർ

രാധാകൃഷ്ണൻ കുന്നുംപുറം


“ജീവിതത്തിൽ വിശ്വാസം വളർത്തുന്ന ഏറ്റവും മഹത്തായ ഗ്രന്ഥങ്ങളുടെ പട്ടിക വളരെ ചെറുതായിരിക്കും. അതിൽ പെടുന്നു ആക്സൽ മുൻതേ എഴുതിയ “സാൻ മിഷേലിന്റെ കഥ ”പ്രശസ്തനായ ഒരു ഡോക്ടറുടെ ഓർമ്മക്കുറിപ്പുകൾ. ബ്രിട്ടനിൽ മാത്രം എൺപതുപതിപ്പുകൾ വന്ന ഈ ഗ്രന്ഥം മുപ്പത് ലോകഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ‘ആത്മാവിലൊരു ഗോപുര’ മെന്നും ‘അൽഭുതസംഭവ ‘മെന്നും ‘ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ഗ്രന്ഥങ്ങളിലൊന്ന് ‘ എന്നും ഈ പുസ്തകത്തെ നിരൂപകർ വിശേഷിപ്പിച്ചു .(എം.ടി.പുസ്തകത്തിന്റെ പൂമുഖം. പേജ് 218) ജീവിതത്തെ സ്നേഹിച്ച, സമൂഹത്തിന് ആത്മവിശ്വാസം പകർന്ന ഒരു ഡോക്റുടെ ആത്മകഥയെ കുറിച്ച് എം.ടിയുടെ വാക്കുകളാണിവ. ദുരിതം പെയ്തു തോരാത്ത രോഗകാലത്ത് ആ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഡോക്ടറുടെ പുസ്തകത്തിനും. ഏതു ദുരന്ത കാലത്തും മനുഷ്യസമൂഹത്തിന് മുന്നോട്ടു നടന്നേ മതിയാകൂ. ആത്മവിശ്വാസമാണതിന് ശക്തി നൽകുന്നത്. അതിനായി വിശ്വാസത്തിന്റെ വെളിച്ചമാകുകയാണ് നമ്മുക്കു മുന്നിലെ ആരോഗ്യ പ്രവർത്തകർ.

ലോകത്തെവിടെയും ദുരന്തഭൂമികളിൽ ആരോഗ്യ പ്രവർത്തകർ ഓടിയെത്തുന്നു. പ്രതീക്ഷയോടെ കൈകൾ നീട്ടുന്നു. ഡോക്ടർമാർ മുതൽ നമ്മുടെ വീട്ടുമുറ്റത്തെത്തുന്ന ആശാ പ്രവർത്തകർ വരെ ഇന്ന് ജീവന്റെ കാവൽക്കാരാണ്. എന്നാൽ ഭീതിജനകമായ ദിനരാത്രങ്ങളിൽ ഓടിനടക്കുന്ന അവർക്ക് നാം എന്താണ് പകരം നൽകുന്നത്.? നാമോരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണിത്. മാന്യതയുടെയും സ്നേഹത്തിന്റെയും സ്നേഹത്തണൽ ആരോഗ്യ പ്രവർത്തകർക്ക് പകർന്നു നൽകേണ്ടത് നമ്മുടെ കടമയാണ്.കാരണം ഈ കഷ്ടദിനങ്ങളിൽ ഇടറി വീഴാതെ നമ്മെ മുന്നോട്ടു നടത്തുകയാണ് ആരോഗ്യ പ്രവർത്തകർ. കാലങ്ങൾക്ക് ശേഷം കൊറോണ രോഗകാല അനുഭവങ്ങൾ ഏതെങ്കിലും ഒരു ആരോഗ്യ പ്രവർത്തകൻ കുറിച്ചിട്ടാൽ അത് അതിജീവനത്തിന്റെ അക്ഷരവഴിയാകുമെന്ന് ഉറപ്പാണ്. അത്രമേൽ അരക്ഷിതമായ ഒരു രോഗകാലത്തെയാണ് ആരോഗ്യ പ്രവർത്തകർ ആത്മവിശ്വാസവും അറിവും കൊണ്ട് നേരിടുന്നത്. ഡോക്ടർ ആക്സൽ മുംതേയും “സാൻമിഷേലിന്റെ കഥ ” യും ലോകത്തെ പ്രിയപ്പെട്ടതാക്കുന്നത് അതു രോഗികൾക്ക് നൽകുന്ന ആത്മവിശ്വാസത്തിന്റെ ശക്തി കൊണ്ടാണ്.

സ്വന്തം ജീവിതം അവഗണിച്ചും രോഗികളെ രക്ഷിക്കാൻ വിധിക്കപ്പെട്ടവരാണ് ആരോഗ്യ പ്രവർത്തകർ.പ്രതിസന്ധികളിൽ ക്ഷമാപൂർവ്വവും സ്നേഹത്തോടെയും അവർ മുന്നേറുന്നു. കൊറോണ രോഗിയുടെ കൊച്ചു കുഞ്ഞിനെ സ്വയം മാതാവായി ഏറ്റെടുത്ത ഡോക്ടർ മേരി അനിതയെപ്പോലെ നമ്മെ അതിശയിപ്പിക്കുന്നു. അപകടകരമായ ചുറ്റുപാടുകളിലും അവർ ഉറച്ച മനസ്സോടെ പ്രവർത്തിക്കുന്നു.ഇതിനിടയിൽ ഒരുചെറിയ അശ്രദ്ധക്ക് അവർ വലിയ വില നൽകേണ്ടി വരും.നിപ്പ രോഗകാലം ലിനി എന്ന നെഴ്സിന്റെ ജീവൻ കവർന്നെടുത്തത് ഒരു ദുഃഖസത്യമായി നമുക്ക് മുന്നിലുണ്ട്. അതിനാൽ നമ്മെ തേടി ദുരിതകാലത്ത് വന്നെത്തുന്നആരോഗ്യ പ്രവർത്തകരുടെ ആത്മവിശ്വാസം കെടുത്തുന്ന ഒരു പ്രതികരണവും നമ്മിൽ നിന്നും ഉണ്ടാകരുത്.അത് വലിയ സാമൂഹ്യ ദുരന്തങ്ങളിലേക്കാകും പൊതു സമൂഹത്തെ നയിക്കുന്നത്. അറിയാതെയാണെങ്കിലും ചിലരെങ്കിലും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾക്ക് നേരേ പ്രകോപനപരമായി പെരുമാറുന്നു.നമ്മുടെ അച്ചടക്കം നമുക്കും നല്ല കാലത്തിനും വേണ്ടിയാണ്.

രോഗപ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ പ്രവർത്തകരുടെ മാത്രം ഉത്തരവാദിത്ത്വമല്ല. കഴിയുംവിധം നമുക്കും അതിൽ പങ്കുചേരാം. അണലിയുടെ കടിയേറ്റ കുട്ടിയുടെ ജീവൻ രക്ഷിച്ച ജിനിലടക്കം പലരും ഇതിനു മാതൃകയാണ്. നമുക്കും നമ്മളാൽ കഴിയുംവിധം പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം.അത് ആരോഗ്യ പ്രവർത്തകരുടെ ജോലിഭാരം ലഘൂകരിക്കും. കടുത്ത ശാരീരിക, മാനസിക സംഘർഷങ്ങളിലൂടെയാണ് അവർ കടന്നു പോകുന്നതെന്ന് നാം മറന്നു പോകരുത്.മണിക്കൂറുകളോളം ദാഹജലം പോലും ഉപേക്ഷിച്ച്, പ്രാഥമിക ആവശ്യങ്ങൾ ഉപേക്ഷിച്ചാണ് രോഗ പ്രതിരോധ വസ്ത്രങ്ങളണിഞ്ഞ് അവർ സേവനം ചെയ്യുന്നത്. അത്തരം ഒരു സാഹചര്യത്തിൽ ആത്മവിശ്വാസത്തിന്റെ തണലൊരുക്കുന്ന ആരോഗ്യം പ്രവർത്തകരെ അറിഞ്ഞ് പെരുമാറേണ്ടത് നമ്മുടെ ഉത്തരവാദിത്ത്വമാണ്. കാരണം ഈ ദുരന്തത്തെ കീഴടക്കാൻ ക്ഷമയും സ്നേഹവുമാണ് ആയുധങ്ങൾ.