ഡോക്ടർക്ക് കോവിഡ് ഡ്യൂട്ടി: നാവായിക്കുളം ആയുർവേദ ഡിസ്‌പെൻസറി പ്രവർത്തനം അവതാളത്തിൽ

തിരുവനന്തപുരം ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ ആതുര സേവനം നടത്തിവരുന്ന നാവായിക്കുളം സർക്കാർ ആയുർവേദ ഡിസ്പൻസറിയുടെ പ്രവർത്തനം സ്തംഭനാവസ്ഥയിൽ.

ദിവസേന 200 ഓളം രോഗികൾക്ക് ചികിൽസയും മരുന്നും നൽകി വരുന്ന ഈ സ്ഥാപനത്തിലെ ഡോക്ടറെ 17 ദിവസത്തെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചത് രോഗികളെ ഏറെ ബുദ്ധിമുട്ടിൽ ആക്കി യിരിക്കുകയാണ്.

ഒരു ഡോക്ടർ മാത്രമുള്ള സ്ഥാപനത്തിൽ നിന്ന് കോവിഡ് ഡ്യൂട്ടിക്ക് ഡോക്ടർമാരെ നിയോഗിക്കരുത് എന്ന ആരോഗ്യ മന്ത്രിയുടെ വ്യക്തമായ നിർദ്ദേശം ഉണ്ടെന്നിരിക്കെയാണ് ഡിഎംഒയുടെ ഈ നടപടിയെന്നാണ് ആരോപണം.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആയുർ രക്ഷാ ക്ലിനിക്ക് , അമൃതം , പുനർജനി മുതലായ പദ്ധതികളുടെ കാര്യക്ഷമമായ പ്രവർത്തനത്തേയും ഇത് സാരമായി ബാധിച്ചിരിക്കുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും പ്രതിരോധ മരുന്ന് നൽകുന്ന പ്രോജക്റ്റ്‌ സമയബന്ധിതമായി നടപ്പിലാക്കാൻ ഇതു മൂലം കഴിയുന്നില്ല എന്നും നടപടി പിൻവലിക്കണം എന്നും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബിനു ആവശ്യപ്പെട്ടു.