സ്കൂട്ടർ അപകടത്തിൽ മരിച്ച അഖിലയുടെ മകന് വീടിൻ്റെ താക്കോൽ കൈമാറി

നെടുമങ്ങാട് :സ്കൂട്ടർ അപകടത്തിൽ മരിച്ച അഖിലയുടെ ഏക മകൻ ശ്രീഹരി ഋഷികേശിന് നെടുമങ്ങാട് നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ ദാനം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. നെട്ട മണക്കോടുള്ള നാലര സെൻ്റിൽ ലൈഫ് ഭവന പദ്ധതിപ്രകാരം അനുവദിച്ച വീട് പൂർത്തിയാക്കാനുള്ള തത്രപ്പാടിനിടെ കഴിഞ്ഞ ജനുവരി 27 നാണ് അഖിലയുടെ മരണം. നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ്റെയും നഗരസഭ സെക്രട്ടറി സ്റ്റാൻലി നാരായണൻ്റെയും നഗരസഭ ജീവനക്കാരുടെയും പരിശ്രമമാണ് അഖിലയുടെ സ്വപ്നം സഫലമായത്. കുടുംബശ്രീയിലെ കൺസ്ട്രക്ഷൻ യൂണിറ്റിലെ പ്രവർത്തകരാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

നഗരസഭാ ജീവനക്കാരുടെ നേതൃത്വത്തിൽ പെയിൻ്റിംഗ് ജോലികൾ പൂർണമായി ചെയ്തു നൽകി. നഗരസഭാ ഡ്രൈവർ ഷാജിയുടെ നേതൃത്വത്തിൽ ടൈലിൻ്റെ പണികളും പൂർത്തിയാക്കി. കുടുംബശ്രീ പ്രവർത്തകർ ഓരോ വീട്ടിൽ നിന്നും രണ്ട് രൂപ വീതം ശേഖരിച്ച് കിണർ നിർമ്മിച്ചു. കെഎസ്ഇബി സൗജന്യമായി പോസ്റ്റിട്ട് വൈദ്യുതി നൽകി.