ഓണപ്പാട്ടും ഓണ വിശേഷങ്ങളും :രാധാകൃഷ്ണൻ കുന്നുംപുറം

ഓണംനന്നായിആഘോഷിച്ചതാരാണ്? ആസ്വദിച്ചതാരാണ്. വിയർത്തവരും വിശന്നവരുമായ മനുഷ്യരാണ്. അദ്ധ്വാന ജീവിതത്തിന് ഒരു ഇടവേള.അവർ ഓണത്തെ വിഭവസമൃദ്ധമാക്കി. വിഭവങ്ങൾ കൊണ്ടും വിനോദങ്ങളാലും. വിശന്നും കരഞ്ഞും തളർന്നുറങ്ങുന്ന കുഞ്ഞുങ്ങൾ, കാറ്റിനോടും മഴയോടും പൊരുതി നിൽക്കുന്ന കൂരകൾ, രോഗവും മരണവും മറഞ്ഞു നിൽന്ന ജീവിതങ്ങൾ. അന്ന് അങ്ങനെയൊക്കെയായിരുന്നു. കർക്കിടകം കള്ളനാണ്. കണ്ണിൽ കണ്ടതൊക്കെ കവർന്നെടുത്ത് കടന്നുപോകും. രോഗമാണെങ്ങും, ദുരിതകാലം. ആണ്ടറുതിയിൽ കർക്കിടത്തോടൊപ്പം മൂതേവിയെയുംആട്ടിപ്പുറത്താക്കി.
“അഞ്ചും പിഞ്ചും പുറത്തേപോ
ആവണി അവിട്ടം അകത്തേവാ
പഞ്ഞോം പിഞ്ഞോം അങ്ങോട്ട്
പച്ചേം പാക്കും ഇങ്ങോട്ട് ”
ചിങ്ങം പിറന്നാൽ പിന്നെ ഓണ വെയിൽ തുമ്പികൾ പാറി നടക്കും. പ്രതീക്ഷകൾ ചിറകടിക്കും. വിശപ്പിനു മേൽ വിഭവങ്ങളുടെ മണംനിറയും. കീഴാളൻ ഇരുക്കൈയും നീട്ടി ഓണക്കോടിവാങ്ങും. പണിക്കാരന് കൂലിയായി ഓണപ്പടി നൽകും. തികയാത്തവർ ജന്മിയിൽനിന്നും ഓണമാഘോഷിക്കാൻ ഓണക്കടംവാങ്ങും. പിന്നെ കൂരകളിലേക്ക്. ഓണം അവർക്ക് ആഗ്രഹങ്ങളുടെ രണ്ടറ്റവും കൂട്ടിക്കെട്ടാനുള്ള പെടാപ്പാടിന്റെ ദിനരാത്രങ്ങൾ.

താളും തകരയും മത്തിയും മരച്ചീനിയും നിത്യാഹാരം. ഓണം നാവിലെ രുചി ശീലങ്ങളെ മാറ്റിത്തരുന്നു. വാഴയിലവെട്ടിയിട്ട് മൺതറയിൽ നിരന്നിരിക്കുന്നു. പുത്തരിച്ചോറ്, പലവിധം കറികൾ, പായസം. ഉച്ചയൂണ് കഴിഞ്ഞെണീൽക്കുമ്പോൾ മനസ്സുനീറും. ഇനി നാവറിഞ്ഞ് ഉണ്ണാൻ ഒരുവർഷത്തെ കാത്തിരിപ്പ്. വിശപ്പായിരുന്നു എങ്ങും. രോഗദാരിദ്രജരാനരകളാൽ സമൂഹം വിങ്ങിയും വിതുമ്പിയും കഴിഞ്ഞ കാലം. അതിനാൽ ചിങ്ങത്തിനൊപ്പം ചിരിച്ചെത്തുന്ന ഓണത്തിന് മധുരമായിരുന്നു. ഓണപ്പാട്ടും, ഓണക്കളിയും, ഓണക്കോടിയും, അത്തപ്പൂക്കളവും വർണ്ണിക്കുമ്പോഴൊക്കെയും പിന്നീട്നാം മറന്നു പോയത് അന്നത്തെവിശന്നവരുടെ ഓണകാഴ്ചകളാണ്.
നിത്യ ദാരിദ്യത്തിന്റെ നീതിയില്ലാകാലത്ത് വിശക്കുന്നവന്റെ ഓണത്തെ കുറിച്ച് പലരും പാടിയിട്ടുണ്ട്. ഓണത്തിനൊപ്പം ഓർമ്മകളിൽ ചിലത് ഓർമ്മിക്കാൻ ആ പാട്ട് നമുക്ക് വീണ്ടും പാടാം…..