ഓണകൈനീട്ടവുമായി രോഗകാലത്ത് ആറ്റിങ്ങൽ സ്വദേശികളായ അച്ഛനും മകനും.

ആറ്റിങ്ങൽ : രോഗകാലത്ത് തൊഴിൽ നഷ്ടമായ കലാകാരൻമാരെ കണ്ടെത്തി അവർക്ക് ഓണക്കിറ്റ് വിതരണം ചെയ്യുകയാണ് പൊയ്കമുക്ക്, താലോലത്തിൽ ഉദയൻ കലാനികേതനും മകൻ ആയുഷ് ഉദയനും.തന്റെ അദ്ധ്വാനത്തിന്റെ ഒരു പങ്ക് അർഹരായവർക്ക് നൽകാൻ ഉദയൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി തിരഞ്ഞെടുത്തവർക്ക് ഓണകിറ്റ് വിതരണത്തിനായി മകനെയും ഒപ്പംകൂട്ടിയാണ് ഉദയന്റെ യാത്ര. തെങ്ങോലയിൽ ചൂലും കളിപ്പാട്ടങ്ങളുമുണ്ടാക്കുന്ന കിഴുവിലം, കടുവക്കരക്കുന്ന് ചരുവിള വീട്ടിൽ രവിക്കാണ് ഓണകിറ്റ് ആദ്യം നൽകിയത്.തുടർന്ന് രണ്ട് ദിവസമായി 25 പേർക്ക് കിറ്റ് നൽകി കഴിഞ്ഞു. ഇദ്ദേഹത്തിന്റെ സൗജന്യ ഓണക്കിറ്റ് വിതരണമറിഞ്ഞ് അദ്ധ്യാപകനായ അക്ബർഷാ, സുഹൃത്ത് കെ.രാജേന്ദ്രൻ എന്നിവർ സഹായവുമായെത്തി. അതോടെ അർഹരായ കുറച്ച് ആളുകൾക്ക് കൂടി സഹായമെത്തിക്കാനുള്ള പരിശ്രമത്തിലാണിദ്ദേഹവും മകനുംഓണകിറ്റ്തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും ആറ്റിങ്ങൽ സി.എസ്.ഐ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മകനാണ് കൂട്ടിനുള്ളത്.ഭാര്യ ശില്പ, ഇളയമകൻ ആശംസ്, അമ്മ എന്നിവരുടെ പിൻതുണയാണ് ഉദയന് സഹായകമാക്കുന്നത്.
ഇതിനു മുൻപും ലോക് ഡൗൺ കാലത്ത് സൗജന്യമാസ്ക് വിതരണം, അനാഥർക്ക് ഭക്ഷണം എന്നിവ ഇദ്ദേഹം നൽകി. അന്നും മകൻ ആയുഷ് അച്ഛനെ സഹായിക്കാൻ ഒപ്പം കൂടി. കുട്ടികൾ സമൂഹത്തിലെ ദാരിദ്ര്യവും രോഗവും ഒക്കെ നേരിട്ടറിയുന്നതിനാണ് എന്റെ ചെറിയ പ്രവർത്തനങ്ങളിൽ മകനെ ഒപ്പം കൂട്ടുന്നതെന്നാണ് ഉദയൻ പറയുന്നത്. കലാനികേതൻ കലാകേന്ദ്രം എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ അമരക്കാരനാണയ ഉദയൻ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.