ഓണം പ്രമാണിച്ച് വസ്ത്രവ്യാപാര സ്ഥാപനങ്ങൾ 9 മണി വരെ തുറന്നു പ്രവർത്തിക്കാൻ അനുമതി വേണമെന്ന് ആവശ്യം

തിരുവനന്തപുരം : ഓണം പ്രമാണിച്ച് വസ്ത്രവ്യാപാര സ്ഥാപനങ്ങൾ 9 മണി വരെ തുറന്നു പ്രവർത്തിക്കാൻ അനുമതി വേണമെന്ന് കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേർസ് വെൽഫെയർ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജില്ലാ കളക്ടറോടു ആവശ്യപ്പെട്ടു.

കോവിഡ് 19 എന്ന മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ച വ്യാപാര മേഖലയാണ് വസ്ത്രവ്യാപാര മേഖല. കഴിഞ്ഞ ആറു മാസത്തെ നിരന്തരം ലോക്ക്ഡൗൺ കാരണം മോശം അവസ്ഥയിലാണ്. ഈ മേഖലയിലെ പ്രധാന സീസണുകൾ എല്ലാം വസ്ത്രവ്യാപാര മേഖലയ്ക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. സീസൺ കച്ചവടം മുന്നിൽ കണ്ടു പർചേസ് ചെയ്ത സ്റ്റോക്കുകൾ കെട്ടികിടക്കുകയാണ്. കടുത്ത സാമ്പത്തിക ബാധ്യതയാൽ ഇതിനോടകം തന്നെ പല തുണിക്കടകളും പൂട്ടി കഴിഞ്ഞു.

കടകൾ തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയാത്ത സമയത്തും കട വാടക, വൈദ്യുതി ബിൽ , വിവിധതരം ലോണുകൾ , ചരക്കുകൾ കടം വാങ്ങിയതിൽ കൊടുക്കാനുള്ളവ , ജീവനക്കാരുടെ വേതനം തുടങ്ങിയ ഭീമമായ ചിലവുകൾ വസ്ത്രവ്യാപാരികൾക്ക് സാമ്പത്തിക ബാദ്ധ്യത നാൾക്കുനാൾ കൂട്ടിക്കൊണ്ടിരിക്കുന്നു . ഈ കോവിഡ് കാലത്തും ഒരു ഭാഗത്തു ഓൺലൈൻ വ്യാപാരവും , മറുവശത്തു തെരുവു കച്ചവട മാഫിയകളും യാതൊരു നിയന്ത്രണവും ഇല്ലാതെ കച്ചവടം ചെയ്യുമ്പോഴും സർക്കാരിന് കൃത്യമായി നികുതികളും , ലൈസൻസ് ഫീസും നൽകി കച്ചവടം ചെയ്തിരുന്ന വസ്ത്രവ്യാപാര മേഖല സ്ഥാപനങ്ങൾ ഇപ്പോൾ സാമ്പത്തിക ബാദ്ധ്യത കാരണം അടച്ചുപൂട്ടി ആത്മഹത്യ ചെയ്യേണ്ട – അവസ്ഥയിലാണ്. അവരെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ലക്ഷകണക്കിന് വരുന്ന തൊഴിലാളികളും , കുടുംബങ്ങളും പട്ടിണിയിലാണ്. ഈ കോവിഡ് കാലത്ത് അവർക്കു മറ്റൊരു തൊഴിൽ ലഭിക്കുന്നുമില്ല. വസ്ത്ര വ്യാപാരത്തിന്റെ നെടുംതൂൺ ഓണം സീസണിൽ നടക്കുന്ന കച്ചവടമാണ്. എല്ലാ സ്ഥാപനങ്ങളും ജീവനക്കാർക്ക് ബോണസ് കൊടുക്കുന്നതും ഓണത്തിനാണ്. ഇപ്പോൾ ഓണം സീസൺ വളരെ കുറച്ചു ദിവസങ്ങൾ കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ.

സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളും പൂർണ്ണമായും പാലിച്ചു കൊണ്ട് കച്ചവടം ചെയ്യാൻ തയാറാണെന്ന് വ്യാപാരികൾ പറയുന്നു. ‘അതീവജാഗ്രതയോടെ ഉപജീവനം ‘ എന്ന പേരിൽ വ്യാപാരികൾക്കും , പൊതുജനത്തിനും വേണ്ടി ഒരു ബോധവൽക്കരണ കാമ്പയിൻ കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേർസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിവരുന്നുണ്ട്. ഈ ഓണക്കാലത്തെങ്കിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ സോൺ വിവേപനം ഇല്ലാതെയും തടസ്സങ്ങളില്ലാതെയും രാത്രി 9 മണിവരെയും പൂർണ്ണമായും പ്രവർത്തിക്കാൻ അനുമതി നൽകാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ കളക്ടർക്ക് കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേർസ് വെൽഫെയർ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നിവേദനം നൽകിയത്.