പാലോട് ഇന്ന് 11 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു..

പാലോട് : വിവിധ വ്യാപാര സ്ഥാപനങ്ങളിൽ ഉള്ളവർ ഓട്ടോ ഡ്രൈവേഴ്‌സ് ജനങ്ങളുമായി കൂടുതൽ അടുത്തിടപഴകുന്നവർ എന്നിങ്ങനെ 70 പേരിൽ ആണ് ഇന്ന് ആന്റിജൻ ടെസ്റ്റ് നടത്തിയത്. ആരോഗ്യവകുപ്പിന്റെമേൽനോട്ടത്തിൽ പാലോട് ആശുപത്രിയിൽ സ്ഥിരം കോവിഡ് പരിശോധന കേന്ദ്രം തുടങ്ങുകയും ഇതിന്റെ ഭാഗമായി ഇന്ന് 70 പേരിൽ ആന്റിജൻ പരിശോധന നടത്തിയതിൽ 11 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഇവരെ ജില്ലാമെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം ഐസോലാഷൻ വാർഡുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതിൽ 2 പേർ നേരത്തെ രോഗം സ്ഥിതീകരിച്ച വ്യക്തിയുടെ മാതാപിതാക്കളും. ബാക്കി 9 പേർ പ്ലാവറയിലുള്ള പല-വ്യഞ്ജന മൊത്തവ്യാപാര സ്ഥാപനത്തിലെ കയറ്റിറക്ക് തൊഴിലാളികളും അവിടത്തെ ജീവനക്കാരും ആണ്. ഇവരെയും വട്ടപ്പാറ എസ്.യൂ.ടിയിലെ ഐസോലാഷൻ വർഡുകളിലേക്ക് ആരോഗ്യവകുപ്പ് മാറ്റി. ഇവരുമായി ഏറ്റവും അടുത്ത് ഇടപഴകിയിട്ടുള്ളവർ അടിയന്തരമായി സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പും പഞ്ചായത്തും അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാപനത്തിൽ സന്ദർശനം നടത്തിയിട്ടുള്ളവരും സ്വയം നിരീക്ഷണത്തിൽ പോകേണ്ടതാണ്. രോഗ ലക്ഷണം ഉള്ളവർക്ക് പിന്നീട് ആന്റിജൻ ടെസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തുമെന്നും പഞ്ചായത്ത് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഈ പ്രദേശങ്ങളിൽ അടിയന്തരമായി അണു വിമുക്ത പ്രവർത്തികൾ ഉൾപ്പെടെയുള്ള പഞ്ചായത്ത് നടത്തുന്നതാണെന്നും അറിയിച്ചു.

ഏതൊരു കാരണവശാലയും പഞ്ചായത്ത് പ്രദേശത്ത് സർക്കാർ നിയന്ത്രണങ്ങൾ അവഗണിക്കാൻ പാടില്ലെന്നും, ജനങ്ങൾ കൂട്ടംകൂടുന്നത് പൂർണമായും ഒഴിവാക്കണമെന്നും നന്ദിയോട് ഗ്രാമപഞ്ചായത്തിനുവേണ്ടി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ഉദയകുമാർ അറിയിച്ചു.