പഴയകുന്നുമ്മേലിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്…

പഴയകുന്നുമ്മേൽ പഞ്ചായത്തിലെ എള്ളുവിളയിൽ ഒരു യുവതിയ്ക്കും 7 ദിവസം പ്രായമുള്ള കുഞ്ഞിനും കഴിഞ്ഞ 21 ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഈ യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് നടത്തിയ ആൻ്റിജൻ പരിശോധനയിൽ നെഗറ്റീവ് സ്ഥിരീകരിച്ചിരുന്നു. പ്രസവത്തിന് ശേഷം നടത്തിയ മറ്റൊരു പരിശോധനയിലാണ് യുവതിക്കും കുഞ്ഞിനും പോസിറ്റീവ് സ്ഥിരീകരിച്ചത്. യുവതിയുടെ സ്വദേശം വർക്കലയാണ്.പ്രസവത്തിന് മുൻമ്പ് എള്ളുവിളയിലെ ഭർത്താവിൻ്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഭർത്താവും അമ്മയും പരിചാരകയായ മറ്റൊരു ബന്ധു സ്ത്രീയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. യുവതിക്കും കുഞ്ഞിനും രോഗം ആശുപത്രിയിൽ നിന്ന് പകർന്നതാണെന്ന് കരുതുന്നു. പോസിറ്റിവ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിലുണ്ടായിരുന്നവർക്ക് നടത്തിയ സ്രവ പരിശോധനയിൽ അമ്മക്കും പരിചാരകയ്ക്കും ഇന്നലെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.ഇവരെ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് മാറ്റി. മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടായിട്ടില്ല.

വിവിധ സ്ഥലങ്ങളിലുള്ള കോവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കം ഉള്ള പഴയകുന്നുമ്മേൽ, കിളിമാനൂർ പഞ്ചായത്തുകളിലുള്ളവർക്ക് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ കുറച്ചു പേർക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ എംഎൽഎ അഡ്വ ബി സത്യൻ പഞ്ചായത്തിലെ ജനപ്രതിനിധികൾ, തഹസീൽദാർ, മെഡിക്കൽ ഓഫീസർമാർ, പോലീസ് തുടങ്ങിയവരുമായി സ്ഥിതിഗതികൾ അവലോകനം ചെയ്തു. ഈ പ്രദേശങ്ങൾ പൂർണ്ണമായും അടച്ചിട്ടു കൊണ്ടുള്ള പ്രതിരോധത്തിൻ്റെ ആവശ്യകത നിലവിലില്ല എന്നാണ് റിപ്പോർട്ട്‌. വ്യാപന സാഹചര്യം ഇവിടെയില്ല. ജാഗ്രതാ നിർദേശങ്ങൾ കർശനമായി തുടർന്നാൽമതിയെന്നും എല്ലാവിധ പ്രതിരോധ മുൻകരുതലും ആരോഗ്യവകുപ്പും പഞ്ചായത്തുകളും ചേർന്ന് ഇവിടങ്ങളിൽ സ്വീകരിച്ചിട്ടുണ്ടെന്നും അഡ്വ ബി സത്യൻ എംഎൽഎ അറിയിച്ചു