കളഞ്ഞുകിട്ടിയ പണം പൊലീസ് സ്റ്റേഷൻ വഴി ഉടമയ്ക്ക് കൈമാറിയ ആൾക്ക് ആദരവ്

കിളിമാനൂർ: റോഡിൽ നിന്നു കളഞ്ഞുകിട്ടിയ പണം പൊലീസ് സ്റ്റേഷനിൽ ഏല്പിച്ചയാളെ സി.ഐയുടെ നേതൃത്വത്തിൽ ആദരിച്ചു. കിളിമാനൂർ ജംഗ്ഷനിലെ ന്യൂ സ്റ്റൈൽ ബ്യൂട്ടിപാർലർ ഉടമ പോങ്ങനാട് സ്വരലയയിൽ സുരേഷിനെയാണ് കിളിമാനൂർ ഐ.എസ്.എച്ച്.ഒ കെ.ബി. മനോജ്കുമാറിന്റെ നേതൃത്വത്തിൽ ആദരിച്ചത്. പേടികുളം തിലകത്തിൽ സുരേന്ദ്രനാഥിന്റെ പണമാണ് നഷ്ടമായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. റീചാർജ് കൂപ്പണുകളുടെ തുകയായ 53,000 രൂപ കിളിമാനൂർ ബി.എസ്.എൻ.എൽ ഓഫീസിൽ അടയ്ക്കുന്നതിനായി വരവെയാണ് നഷ്ടപ്പെട്ടത്. ഇത് മനസിലായ ഉടൻ തന്നെ ഇദ്ദേഹം കിളിമാനൂർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കിളിമാനൂർ ജംഗ്ഷനിലെ റോഡ് വക്കിൽ നിന്ന് കളഞ്ഞുകിട്ടിയ തുക സുരേഷ് പൊലീസ് സ്റ്റേഷനിൽ ഏല്പിക്കുകയായിരുന്നു. തുടർന്ന് ഉടമയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി തുക കൈമാറുകയും സുരേഷിനെ ആദരിക്കുകയുമായിരുന്നു