ദുരിതകാലത്തെ പോലീസ് മാതൃകകൾ :രാധാകൃഷ്ണൻ കുന്നുംപുറം

കോളേജിന്റെ വാർഷികാഘോഷം നടക്കുന്നു. ഉദ്ഘാടകൻ പോലീസ് ഉദ്യോഗസ്ഥനാണ്. കാർണിവൽ എന്ന് പേരിട്ട വേദി. കുട്ടികളുടെ മനസ്സും വർണ്ണങ്ങൾ നിറഞ്ഞ വേദിയും ഒരുപോലെ ഇളകി മറിയുന്നുണ്ട്. പോലീസ് ഓഫീസർ പ്രസംഗം തുടങ്ങി. പുതുതലമുറയോട് പതിവ്ഉപദേശങ്ങളാകുമെന്നാണ് കുട്ടികളും ഞാനും കരുതിയത്. പക്ഷേ പതിവു തെറ്റിച്ച് അദ്ദേഹം ഒരു കഥ പറഞ്ഞു തുടങ്ങി. അല്ല, ഒരനുഭവം. “നാട്ടിൽ ഒരമ്മയും മകനും രണ്ട് സഹോദരങ്ങളുമടങ്ങുന്ന കുടുംബം. അച്ഛൻ നഷ്ടപ്പെട്ട മക്കളെ വളർത്താൻ അമ്മ വല്ലാതെ കഷ്ടപ്പെട്ടു. വീടിന് അടുത്ത് ധാരാളം തെങ്ങിൻ തോപ്പുകളുണ്ടായിരുന്നു. അതിരാവിലെ അവിടെ വീണു കിടക്കുന്ന തേങ്ങ ഉടമസ്ഥർ കാണാതെ എടുത്തു കൊണ്ടുവരാൻ അവർ മൂത്ത മകനെ പറഞ്ഞയച്ചു. കുട്ടിക്ക് ആദ്യം മടിയായിരുന്നു.എങ്കിലും പതിവായി അമ്മ പറയുന്നതനുസരിച്ച് അവൻ തേങ്ങ ശേഖരിക്കാൻ തുടങ്ങി. പഠിക്കാൻ മിടുക്കനായ കുട്ടി പിന്നീടെപ്പോഴോ വഴി തെറ്റി മോഷണത്തിന്റെ ലോകത്ത് എത്തി ജയിൽ ശിക്ഷ വരെ അനുഭവിക്കേണ്ടി വന്നു. അറിയാതെയെങ്കിലും അമ്മയുണ്ടാക്കിയ ശീലം ഒരു കുട്ടിയുടെ ജീവിതം തകർത്തു. പഠിക്കാൻ മിടുക്കനായതു കൊണ്ട് നല്ലൊരു ജീവിതത്തിലേക്ക് ആ കുട്ടി മടങ്ങി വന്നതിനെ കുറിച്ച് വളരെ ശാന്തമായി ആ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു നിർത്തി. ആഘോഷ തിമിർപ്പിനിടയിലുംനിശബ്ദമായി കുട്ടികൾ അത് കേട്ടിരുന്നു. സ്ഥലം കിളിമാനൂർ,ശ്രീശങ്കര കോളേജിന്റെ വാർഷിക വേദി. സാഹചര്യം വഴിതെറ്റിച്ച ഒരുജീവിതത്തെ കുറിച്ച് അന്ന് സംസാരിച്ചത് ഡി.വൈ.എസ്.പി.പി.വി.ബേബിയും. അതു കേട്ടിരുന്നപ്പോൾ ഞാൻ ചിന്തിച്ചത് ഒരു പോലീസ് ഉദ്യോഗസ്ഥൻ കടന്നു പോകുന്ന ജീവിത അനുഭവങ്ങളെ കുറിച്ചായിരുന്നു. നാമറിയാത്ത, അവർക്കു പോലും പിടികിട്ടാത്ത ഏതെല്ലാം വിചിത്ര ജീവിതങ്ങൾ ഇത്തരം ഉദ്യോഗസ്ഥർക്ക് നേരിട്ട് സാക്ഷിയാകേണ്ടി വന്നിട്ടുണ്ടാകും. ഈരോഗകാലം വേറിട്ടഅനുഭവങ്ങളാൽ എത്ര വട്ടം അവരുടെയും കണ്ണുകൾ നിറച്ചിട്ടുണ്ടാകും.

കൊറോണരോഗകാലം ജോലിഭാരം കൊണ്ട് ആരോഗ്യ പ്രവർത്തകർക്കൊപ്പം പോലീസ് സേനയേയും വീർപ്പുമുട്ടിക്കുന്നു. പോലീസ് നിയമം നടപ്പാക്കേണ്ടവരാണ്. അതിനാൽ അവർ രോഗത്തെ മറക്കണം. സേവനത്തിനിടയിൽ പലപ്പോഴും അവരും രോഗത്തിന് ഇരയാകുന്നു. പക്ഷേ നമ്മളൾ നിയമപാലകരായ അവരെഅടിച്ചമർത്തലുകാരായി തന്നെകാണുന്നു.
പോലീസിനെകാണുമ്പോൾ മാസ്ക്ക് ധരിക്കുന്നു, അവർക്കു വേണ്ടി മാത്രം അകലംപാലിക്കുന്നു.പോലീസിന്പെട്ടെന്ന്എത്താൻകഴിയാത്തിടത്ത്ഒത്തുകൂടിആഘോഷിക്കുന്നു. ലോകംഭയക്കുന്ന രോഗത്തിനൊപ്പം ഓടുകയാണ് ആരോഗ്യ പ്രവർത്തകരെപ്പോലെ പോലീസ് ഉദ്യോഗസ്ഥരും. സേവനവും നന്മകളും ചെയ്യുന്ന പോലീസിന്റെ പ്രവർത്തനങ്ങൾ പലതും മാധ്യമങ്ങൾ ജനശ്രദ്ധയിലെത്തിക്കുന്നുണ്ട്. പ്രതിയുടെ വീട്ടിലെ പട്ടിണി മാറ്റാൻ ആഹാര സാധനങ്ങൾ എത്തിക്കുന്നതും, കുട്ടികൾക്ക് പഠനത്തിനായി ടെലിവിഷൻ വാങ്ങി നൽകുന്നതും സ്റ്റേഷനിലെത്തികടം ചോദിച്ച വീട്ടമ്മക്ക് സാമ്പത്തിക സഹായം നൽകുന്നതും തെരുവിലെ അനാഥന് ഭക്ഷണം വാങ്ങി നൽകിയതുംഒറ്റപ്പെട്ടവർക്ക്മരുന്നെത്തിക്കുന്നതുമടക്കംമനുഷ്യസ്നേഹംപുലർത്തിയ എത്രയോ പോലീസ് ഉദ്യോഗസ്ഥരെ നമ്മളറിഞ്ഞിരിക്കുന്നു.
എന്നാൽ അപ്പോഴും അവരനുഭവിക്കുന്ന വ്യക്തിപരമായ സംഘർഷങ്ങൾ നമ്മൾ അറിയുന്നില്ല. കുടുംബത്തിലെ കുട്ടികൾ, മുതിർന്ന മാതാപിതാക്കൾ, രോഗികളായ മറ്റ് കുടുംബാംഗങ്ങൾ ഒക്കെ അവരുടെ ചിന്തകളെ അലട്ടുന്നുണ്ട്. ഒക്കെയും മനസ്സിലടക്കി ജോലി ചെയ്യുകയാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും. രോഗകാലത്ത് വീട്ടിൽ ഒറ്റപ്പെട്ടവർക്ക് മരുന്നും ഭക്ഷണങ്ങളും ചുമലിലേറ്റി നടക്കുമ്പോഴും ഭയപ്പാടോടെ ഫോൺവിളിക്കുന്നവരെസാന്ത്വനിപ്പിക്കുമ്പോഴും അവരുടെ ഉള്ളിൽ പ്രിയപ്പെട്ടവരുടെ കുറേമുഖങ്ങൾതെളിയുന്നുണ്ടാകും.പറഞ്ഞറിയിക്കാനാകാത്തമാനസികസംഘർഷങ്ങൾക്കിടയിലും പരമാവധി ശാന്തമായി അവർജോലി ചെയ്യാൻ ശ്രമിക്കുന്നു.ഇതിനിടയിൽ ഒരിടത്തും ഒരു ഉദ്ദ്യോഗസ്ഥനും തെറ്റു ചെയ്യുന്നില്ല എന്നല്ല പറയുന്നത്. എന്നാൽ അത്തരം ചെറിയതെറ്റുകൾ മറക്കാൻ കഴിയുംവിധം രോഗകാലത്ത് നമ്മുടെ ജീവിതത്തിന് പോലീസ് കാവൽ നിൽക്കുന്നുണ്ട്.

മഹാമാരിയാകുന്ന രോഗത്തെ മറികടക്കാൻ നിയന്ത്രണങ്ങൾ മാത്രമാണ് വഴി. നിയന്ത്രങ്ങൾക്ക് നിയമങ്ങൾ നടപ്പാക്കേണ്ടി വരും. പോലീസും ആരോഗ്യ പ്രവർത്തകരും അതു നടപ്പാക്കുന്നു. നമ്മളാകട്ടെ ഇഷ്ടമില്ലാത്തവയെച്ചൊല്ലി അവരോട് കലഹിക്കുന്നു. അത് നമ്മൾ മാറ്റിയേ മതിയാകു. രോഗ കാലത്തെങ്കിലും നാം പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സംഘർഷങ്ങൾ തിരിച്ചറിയണം. അവരുടെ ഉള്ളിലെ സാധാരണ മനുഷ്യൻ ചിലപ്പോൾ നിയന്ത്രണം വിട്ട് പ്രതികരിക്കുന്നുണ്ടാകാം. അതിനെതിരെപ്രതികരിക്കാൻജനാധിപത്യപരമായി അവകാശവുമുണ്ട്. എങ്കിലും നാം അറിഞ്ഞു കൊണ്ട് അത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കാതിരിക്കേണ്ടതില്ലേ. ഒരു ശരാശരി മനുഷ്യന്റെ കുടുംബസ്നേഹം, കരുതൽ, സന്ദേഹങ്ങൾ പോലീസ് ഉദ്യോഗസ്ഥർക്കുമുണ്ട്. ആർക്കും സമചിത്തത കൈവിട്ടു പോകാവുന്ന ഈ രോഗകാലത്ത് ചെറിയ പിഴവുകൾ കണ്ട് പൊതുസമൂഹം പൊട്ടിത്തെറിക്കരുത്.അത്തരം സാഹചര്യങ്ങൾ ഒഴിവാക്കേണ്ട കടമ നമ്മുടെ പൊതു പ്രവർത്തകർക്കും പ്രാദേശിക ഭരണാധികാരികൾക്കു സാധാരണ മനുഷ്യനിൽ നിന്ന് ഉണ്ടാകുന്ന വീഴ്ചകൾ എന്നു കരുതി ചിലതൊക്കെ മറക്കേണ്ട കാലമാണിത്.പോലീസ്ഉദ്യോഗസ്ഥരുടെ ഉള്ളിലെ സാധാരണ മനുഷ്യരെ ഈ ദുരിതകാലത്ത് പലവട്ടം നമ്മൾ നേരിട്ടു കണ്ടു.നീണ്ട കാലം ജയിൽ സൂപ്രണ്ടായിരുന്ന ബംഗാളി നോവലിസ്റ്റ് ജരാസന്ധൻ താൻ കണ്ട നിരവധി കുറ്റവാളികളുടെ ജീവിതം വരച്ചിട്ടിട്ടുണ്ട്. അതിലൊക്കെയും മനസ്സു നോവുന്ന പോലീസ് ഉദ്യോഗസ്ഥരെനമുക്ക് കാണാനാകും.അവരിൽ പലരും നമുക്കിടയിലും ഉള്ള പോലീസ് മേധാവികളാണ്.