
കേന്ദ്രസർക്കാർ ഉപേക്ഷിച്ച ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി വീണ്ടും നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും അതുവഴി കേരളത്തിന് വലിയൊരു ടൂറിസം പദ്ധതി പ്രാവർത്തികമാക്കുവാൻ പോകുന്നുവെന്നും അടൂർ പ്രകാശ് എംപി.
പ്രവർത്തന ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷത്തിലേറെയായ ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി കേന്ദ്രസർക്കാർ കഴിഞ്ഞ മെയ് മാസ്സത്തിൽ റദ്ദാക്കുകയായിരുന്നു. ഐ. റ്റി. ഡി. സി മുഖേന നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന 70 കോടിയുടെ പദ്ധതിയിൽ നിന്നാണ് കേന്ദ്രം അന്ന് പിന്മാറിയിരുന്നത്. ശിവഗിരി ടൂറിസം പദ്ധതി ഉൾപ്പെടെ 154 കോടി രൂപയുടെ തീർഥാടന ടൂറിസം പദ്ധതിയിൽ നിന്നുമാണ് കേന്ദ്രം പിന്മാറിയത്. 2019 ഫെബ്രുവരിയിൽ ആദ്യഘട്ടത്തിന് ശിലാസ്ഥാപനം അന്നത്തെ കേന്ദ്ര മന്ത്രിയായിരുന്ന അൽഫോൺസ് കണ്ണന്താനം നിർവഹിച്ച ഈ പദ്ധതി കേന്ദ്രസർക്കാർ ഉപേക്ഷിച്ചപ്പോൾ കേരളത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്.ഇതിനെ തുടർന്നാണ് അടൂർ പ്രകാശ് എം. പി ഇതിൽ ഇടപെടുകയും 2020 മെയ് മാസം മുപ്പതാം തീയതി കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന് കത്ത് നൽകുകയും ചെയ്തതു. തുടർന്നുണ്ടായ നിരന്തര ഇടപെടലുകളെ തുടർന്നാണ് കേന്ദ്ര മന്ത്രിയിൽ നിന്നും ഈ പദ്ധതി നടപ്പിലാക്കുന്നതിനായി എം.പി യ്ക്ക് അറിയിപ്പ് ലഭിച്ചത്. ശിവഗിരി ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിലൂടെ ശിവഗിരി മഠം, ചെമ്പഴന്തി ഗുരുകുലം, കുന്നുംപാറ സുബ്രമണ്യ ക്ഷേത്രം , അരുവിപ്പുറം എന്നീ തീർത്ഥാടന കേന്ദ്രങ്ങളുടെ സമഗ്രവികസനം വരുമെന്നും തിരുവനന്തപുരം ജില്ലയിലെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഒരു വലിയ പദ്ധതിയാണ് ഇതുവഴി നടപ്പാക്കുന്നത് എന്നും അടൂർ പ്രകാശ് എം.പി അറിയിച്ചു.കോവിഡിൽ തകർന്നു നിൽക്കുന്ന സംസ്ഥാന വിനോദസഞ്ചാര മേഖലയ്ക്ക് ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പിലാക്കുന്നതിലൂടെ വലിയൊരു തിരിച്ചുവരവിന് തുടക്കമാകുവാൻ കഴിയുമെന്നും എം.പി അഭിപ്രായപ്പെട്ടു.