തെങ്ങോലയിൽ രവി കണ്ടത് അതിജീവനവഴി.

കിഴുവിലം : തെങ്ങോലയിൽ ചൂലുകൾ നിർമ്മിച്ച് രവി ജീവിതം തിരികെ പിടിക്കുന്നു. ജനിച്ച നാൾ മുതൽ കേൾവിയും സംസാരശേഷിയുമില്ലാത്ത വ്യക്തിയാണ് കിഴുവിലം, കടുവക്കരക്കുന്ന് സ്വദേശിയായ രവി.നീണ്ടകാലം ലൈറ്റ് ആന്റ് സൗണ്ട് രംഗത്ത് തൊഴിലെടുത്ത ഇദ്ദേഹത്തിന് കൊറോണ വന്നതോടെ തൊഴിൽ നഷ്ടമായി. ഈ വർഷത്തെ ഉത്സവ പരിപാടികൾ പൂർണ്ണമായും നഷ്ടമായി. കല്യാണവും ചടങ്ങുകളും മാറ്റി വയ്ക്കപ്പെട്ടു. രോഗകാലത്തിനു മുന്നിൽ പകച്ചു നിൽക്കാതെ ജീവിക്കാൻരവി പുതിയ വഴി കണ്ടെത്തി. നാട്ടിലെ തെങ്ങിൻ തോപ്പുകളിൽ വീണു കിടക്കുന്ന ഓലകൾ ശേഖരിച്ചു. അവയെ ചൂലു നിർമ്മിക്കാനാവശ്യമായ വിധത്തിൽ ഉണക്കിയെടുത്തു.. തുടർന്ന് ഓലനാരുകൾ കീറി ചൂലുകൾ നിർമ്മിച്ചു.അതു വഴി ചെറുതെങ്കിലും ഒരു സ്ഥിരവരുമാനം നേടി.

ചെറുവള്ളിമുക്കിൽ സ്ഥിരം ഒരു തണൽ ഇടംരവിക്കുണ്ട്. രാവിലെ തന്നെ തന്റെ ജോലി തുടങ്ങും.50 രൂപയാണ് ഒരു വലിയ ചൂലിന്റെവില. ദിവസം 10എണ്ണം വരെ നിർമ്മിക്കും. ആവശ്യക്കാർ അവിടെ എത്തിയില്ലെങ്കിൽ സ്ഥിരം കടകളിലെത്തിച്ച് വിൽപ്പന നടത്തും. സ്വയം തൊഴിൽ കണ്ടെത്തി കുടുംബത്തിനു വേണ്ട വരുമാനം നേടുന്ന ഇദ്ദേഹത്തിന്റെ പ്രവർത്തനം പലർക്കും ഇപ്പോൾ പ്രചോദനമാണ്. കുട്ടിക്കാലം മുതൽ അദ്ധ്വാന ജീവിതം നയിക്കുന്ന ഈ തൊഴിലാളിയുടെ സ്വയംതൊഴിൽ ഇതിനകം പലരുടെയും ശ്രദ്ധ നേടി കഴിഞ്ഞു. എന്നാൽ ഇതിനിടയിലും ഒരു ദു:ഖം രവിയെ ഇപ്പോൾ അലട്ടുന്നുണ്ട്. അടുത്ത കാലത്ത് പെയ്ത ശക്തമായ മഴയിൽ ഇദ്ദേഹത്തിന്റെ വീട് തകർന്നു. കെട്ടുറപ്പുള്ള ഒരു ചെറിയ വീട് എന്നതാണ് തെങ്ങോല ചീന്തുമ്പോൾ ഇദ്ദേഹം കാണുന്ന സ്വപ്നം.