പനിയുമായി വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിയ ഭാര്യയ്ക്കും ഭർത്താവിനും കോവിഡ് സ്ഥിരീകരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ തോട്ടവാരം 28-ാം വാർഡിൽ 49കാരനായ ഭർത്താവിനും, 41കാരിയായ ഭാര്യക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പനിയെ തുടർന്ന് വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തിയ ഇവരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഇവരെ കടക്കാവൂരിലെ കൊവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻജോസ് അറിയിച്ചു. ഇവരുടെ സമ്പർക്ക പട്ടിക നഗരസഭ ആരോഗ്യ വിഭാഗം ശേഖരിച്ച് ഇവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.

കഴിഞ്ഞ ദിവസം പട്ടണത്തിൽ ആറ്റിങ്ങൽ വില്ലേജ് ഓഫീസർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അതിനാൽ ലൈഫ് പദ്ധതിയുടെ ഭാഗമായി ഒരാഴ്ചക്ക് മുമ്പ് വില്ലേജ് ഓഫീസുമായി ഇടപാടുകൾ നടത്തിയ എല്ലാ ഗുണഭോക്താക്കളും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണം. ഇതിൽ ആർക്കെങ്കിലും രോഗലക്ഷണ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഉടനെ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

നഗരത്തിൽ ഇക്കഴിഞ്ഞ ദിവസങ്ങളിലായി രോഗികളുടെ എണ്ണത്തിലുള്ള വർദ്ധന കണക്കിലെടുത്ത് ജനത്തിരക്കേറിയ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ആശുപത്രികളിലും നഗരസഭ ആരോഗ്യ വിഭാഗം അണുനശീകരണം നടത്തുന്നത് ഒരു പരിധി വരെ സമൂഹ വ്യാപനത്തെ ചെറുക്കാൻ സാധിച്ചുവെന്ന് ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ പറഞ്ഞു.