വർക്കല അയിരൂരിൽ ഒറ്റയ്ക്ക് താമസിച്ചു വന്ന വൃദ്ധൻ വീടിനു തീപിടിച്ച് വെന്തുമരിച്ചു

വർക്കല : വർക്കല അയിരൂരിൽ ഒറ്റയ്ക്ക് താമസിച്ചു വന്ന വൃദ്ധൻ വീടിനു തീപിടിച്ച് വെന്തുമരിച്ചു. അയിരൂർ 13ആം വാർഡിൽ കിഴക്കേ വീട്ടിൽ അച്യുതൻ പിള്ളയുടെയും ഭവാനി അമ്മയുടെയും മകൻ കൃഷ്ണപിള്ള.എ ( 80 ) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 7 മണിയോടെയാണ് സംഭവം. അവിവാഹിതനായ കൃഷ്ണപിള്ള വർഷങ്ങളായി ഒറ്റയ്ക്കാണ് ഒരുമുറി വീട്ടിൽ താമസിച്ചിരുന്നത്. പഞ്ചായത്തിൽ നിന്നും നാട്ടുകാരിൽ നിന്നും കിട്ടുന്ന സഹായത്തിൽ ഭക്ഷണമൊക്കെ കഴിച്ച് കഴിഞ്ഞിരുന്നു. വൈദ്യുതി ഇല്ലാത്ത വീടായതിനാൽ വൈകുന്നേരം മെഴുകുതിരി കത്തിച്ചു വെച്ചപ്പോൾ അത് തട്ടിമറിഞ്ഞു വേറെ വീണതാവാം തീ പിടുത്തതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. വലിയ തീയാണ് ഉണ്ടായത്. വർക്കല ഫയർ ഫോഴ്‌സും അയിരൂർ പോലീസും സ്ഥലത്തെത്തി തീ അണച്ചെങ്കിലും കൃഷ്ണപിള്ള മരണപ്പെട്ടു. തുടർ നടപടികൾക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.