വർണ്ണങ്ങളുടെ അരങ്ങിൽ തിരക്കിലാണ് ശ്രീകണ്ഠൻ വർണ്ണശ്രീ.

അരങ്ങിന്റെ ഓർമ്മകൾക്ക് തൽക്കാലം വിട. നാടകനടൻ ശ്രീകണ്ഠൻ വർണ്ണശ്രീ വരകളുടെ ലോകത്ത് തിരക്കിലാണ്. പ്രകൃതിക്കും മനുഷ്യനുമെതിരെ നടക്കുന്ന നീതികേടുകൾക്ക് വരകളിലൂടെ പ്രതികരണവഴി തേടുകയാണ് ഈ കലാകാരൻ. കേരളത്തിലെ പ്രൊഫഷണൽ നാടക രംഗത്തെ പ്രമുഖ നടനായിരുന്ന ശ്രീകണ്ഠൻ വർണ്ണശ്രീ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ചിത്രകലയിൽ ഡിപ്ലോമ നേടി.തുടർന്ന് ചിത്രരചനാ രംഗത്തേക്ക് കടന്നു. നാട്ടിലെ പ്രമുഖ സ്ഥാപനങ്ങളുമായും സാംസ്ക്കാരിക സംഘടനകളുടെയും ഭാഗമായി.

അഭിനയത്തോടുള്ള താല്പര്യം ചിത്രകലയിൽ നിന്നും ശ്രീകണ്ഠനെ നാടക ലോകത്ത് എത്തിച്ചു. തിരുവനന്തപുരം ആസ്ഥാനമായുള്ള സംഘശക്തിക്കുവേണ്ടി പിരപ്പൻകോട് മുരളി രചിച്ച് പി.കെ.വേണുക്കുട്ടൻ നായർ സംവിധാനം ചെയ്ത ” മാറ്റുവിൻ ചട്ടങ്ങളെ ” എന്ന നാടകമായിരുന്നു ആദ്യ നാടകം.തുടർന്ന് സംഘചേതന, സങ്കീർത്തന, അതുല്ല്യ, പത്മശ്രീ തുടങ്ങി ഒട്ടേറെ പ്രമുഖ സമിതികളിൽ മികച്ച വേഷങ്ങൾ അഭിനയിച്ചു. സംഘചേതനയുടെ പ്രശസ്ത നാടകമായ “സ്വാതിതിരുനാളിൽ ” ചലച്ചിത്രനടൻമാരായ സായികുമാർ, റിസബാവ എന്നിവർക്കൊപ്പം അഭിനയിച്ചു.അവർ സിനിമാരംഗംത്ത് തിരക്കിലായപ്പോൾ എൺപതോളം അരങ്ങിൽ സ്വാതിതിരുനാളിന്റെ വേഷമിട്ടു.നാടകരംഗത്തെ തിരക്കിനിടയിലും ചിത്രരചനക്ക് ഇദ്ദേഹം സമയം കണ്ടെത്തിയിരുന്നു. അക്കാലത്ത് നിരവധി നാടക, നൃത്തനാടക സംഘംങ്ങളുടെ രംഗപടം വരച്ചു. പ്രമുഖ വ്യക്തികളുടെ ഛായാചിത്രങ്ങളും വരച്ചു.
കൊറോണരോഗത്തെ തുടർന്ന് ലോക്ഡൗൺ വന്നതോടെ നാടകരംഗവും
ചിത്രപ്പണികളും കുറഞ്ഞു. തുടർന്നാണ് ഏറെക്കാലമായി താൻ നിർത്തിവച്ച പെൻസിൽ ഡ്രോയിംഗും, വാട്ടർകളർ ചിത്രരചനയും വീണ്ടും തുടങ്ങിയത്.അടുത്തസുഹൃത്തും നാടകനടനുമായ ചിറയിൻകീഴ് താഹയുടെ പ്രോൽസാഹനം ആവേശംനൽകി.തുടർന്ന് പ്രധാന വിഷയങ്ങളെ ആധാരമാക്കി ചിത്രരചനകൾ തുടങ്ങി.

സമീപകാലചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധ നേടിയത്അമേരിക്കൻ പോലീസ് ഒരു കറുത്ത വർഗ്ഗക്കാരനെ കാൽമുട്ടിൽ ഞെരിച്ചു കൊന്നതാണ്. അയാളുടെ കണ്ണുനീർ ഒഴുകി നദിയായതും അതിൽ നിന്ന് യുവാക്കൾ പ്രതിക്ഷേധത്തിന്റെ രൂപങ്ങളാകുന്നതുമാണ് ചിത്രം. ഇത്തരം ചിത്രങ്ങൾ കൂടാതെ യുഗപുരുഷനായ ശ്രീനാരായണഗുരു, ചരിത്രപുരുഷനായ ദൈവസഹായം പിള്ള, നടൻ സത്യൻ, നസീർ, എ.കെ.ജി തുടങ്ങി നിരവധി ചിത്രങ്ങൾ വരച്ചു കഴിഞ്ഞു. കൊറോണ ഭീതിയിലെ ഒരു നഗരത്തിലെ ജനജീവിതം ചിത്രത്തിലാക്കാനുള്ള ശ്രമങ്ങളിലാണ് ഈ കലാകാരനിപ്പോൾ.