വെള്ളനാട്ടും മാറനല്ലൂരിലും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്…

വെള്ളനാട്‌ ഗ്രാമപ്പഞ്ചായത്തിൽ മൂന്നു പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കൊങ്ങണം വാഴാലി സ്വദേശികളായ യുവാവ്(29), ഭാര്യ(28), യുവാവിന്റെ സഹോദരൻ(28) എന്നിവർക്കാണ് ശനിയാഴ്ച കോവിഡ് പോസിറ്റീവായത്.

യുവാവിന്റെ മൂന്നു വയസ്സുള്ള മകൾക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ വെള്ളനാട് ശ്രീകണ്ഠൻ അറിയിച്ചു.

മാറനല്ലൂർ ആരോഗ്യകേന്ദ്രത്തിൽ 49 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ ലോട്ടറി വിൽപ്പനക്കാരനാണ്. ഇയാളുടെ സമ്പർക്കപ്പട്ടിക ആരോഗ്യവകുപ്പും പോലീസും ചേർന്ന് തയ്യാറാക്കുകയാണ്. മാറനല്ലൂർ കവല, പുന്നാലൂർ എന്നിവിടങ്ങളിലാണ് ഇയാൾ ലോട്ടറി വിറ്റിരുന്നത്. മറ്റ്‌ രണ്ടുപേർ ഊരൂട്ടമ്പലം സ്വദേശികളാണ്. പരിശോധന നടത്തുന്നതിന് തലേന്നാൾ രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ ചന്തയിലും വ്യാപാരസ്ഥാപനങ്ങളിലും എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. കോവിഡ് ബാധിച്ച് മാറനല്ലൂർ സ്വദേശി ജമ ശനിയാഴ്ച മരിച്ചിരുന്നു. പഞ്ചായത്തിൽ ഇതോടെ കോവിഡ് മരണം രണ്ടായി.