ട്രെയിനുകൾ നിർത്തലാക്കുവാനുള്ള നടപടിയിൽ നിന്നും റെയിൽവേ പിന്മാറണം- അഡ്വ. അടൂർ പ്രകാശ് എം പി

കേരളത്തിൽ ഓടുന്ന മൂന്ന് ട്രെയിനുകൾ ശനിയാഴ്ച മുതൽ നിർത്തലാക്കുവാനുള്ള നീക്കത്തിൽ നിന്നും റെയിൽവേ പിൻമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനും റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവിനും അടൂർ പ്രകാശ് എം.പി കത്തുനൽകി. കേരളത്തിലെ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നതിന് ആശ്രയിക്കുന്ന തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി, വേണാട് എന്നീ ട്രെയിനുകൾ യാത്രക്കാരുടെ കുറവുമൂലം ശനിയാഴ്ച മുതൽ റദ്ദ് ചെയ്യുന്നതിനാണ് റെയിൽവേ ബോർഡ് ശുപാർശ ചെയ്തിരിക്കുന്നത്. കേരളത്തിനകത്ത് ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുവാൻ ആശ്രയിക്കുന്ന ട്രെയിനുകളാണ് നിർത്തലാക്കുവാൻ റെയിൽവേ ബോർഡ്‌ ശുപാർശ ചെയ്തിരിക്കുന്നത്. റെയിൽവേ ബോർഡ് സൂചിപ്പിക്കുന്ന യാത്രക്കാരുടെ കുറവ് കോവിഡ്-19 നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് എന്നും ഈ നിയന്ത്രണങ്ങൾ മാറുമ്പോൾ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകളായി പഴയ സ്ഥിതിയിലേക്ക് പോകുമെന്നും അടൂർ പ്രകാശ് എം പി കത്തിൽ സൂചിപ്പിച്ചു. ഇപ്പോൾ ഉണ്ടാകുന്ന യാത്രക്കാരുടെ കുറവുമൂലം ഈ ട്രെയിനുകൾ റദ്ദ് ചെയ്യുകയാണെങ്കിൽ സ്ഥിരമായി ട്രെയിനിനെ ആശ്രയിക്കുന്ന യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടും.കൂടാതെ ഇപ്പോൾ നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി കാസർഗോഡ് വരെ നീട്ടണമെന്നും അതിലൂടെ മാത്രമേ യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുവാൻ കഴിയുകയുള്ളൂ എന്നും ആവശ്യപ്പെട്ടു. 12075/12076 ജനശതാബ്ദി കാസർഗോഡ് വരെ ദീർഘിക്കുന്നതിലൂടെയും സമയക്രമം ക്രമീകരിക്കുന്നതിലൂടെയും തെക്കൻ ജില്ലയിൽ ഉള്ള ഉദ്യോഗസ്ഥർ അടക്കമുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുമെന്നും ആയതിനാൽ നിലവിലുള്ള ട്രെയിനുകൾ നിർത്തലാക്കുവാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി കാസർഗോഡ് വരെ നീട്ടി യാത്രക്കാർക്ക് ഉപകാരപ്രദമാകുന്ന തീരുമാനത്തിലേക്ക് റെയിൽവേ പോകണമെന്നും എം.പി ആവശ്യപ്പെട്ടു. കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ചില ട്രെയിനുകളുടെ സ്റ്റോപ്പുകൾ ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിലെ വർക്കല ശിവഗിരി, കടയ്ക്കാവൂർ, ചിറയിൻകീഴ് സ്റ്റേഷനുകളിൽ നിർത്തലാക്കുന്നു എന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ വ്യാപിക്കുന്നുണ്ട് എന്നും അത് ശരിയായ വാർത്തയല്ല എന്നും റയിൽവേയിൽ നിന്നും അറിയുവാൻ കഴിഞ്ഞിട്ടുണ്ടെന്നും അടൂർ പ്രകാശ് എം.പി പറഞ്ഞു.