സാമൂഹ്യ വിരുദ്ധരെ കൊണ്ട് പൊറുതിമുട്ടി ജനം: തോട്ടവാരം വെള്ളിയാഴ്ചകാവ് കടവിലേക്ക് മാലിന്യം തള്ളി

ആറ്റിങ്ങൽ: നഗരസഭ 24-ാം വാർഡിൽ തോട്ടവാരം വെള്ളിയാഴ്ച കാവ് ക്ഷേത്രത്തിന് സമീപത്തെ കടവിലാണ് സാമൂഹ്യ വിരുദ്ധർ കാലാവധി കഴിഞ്ഞ ശീതള പാനീയത്തിന്റെയും, പാൽപൊടി കവറുകളും അനധികൃതമായി നിക്ഷേപിച്ച് കടന്ന് കളഞ്ഞത്. ഡി.വൈ.എഫ്.ഐ തോട്ടവാരം യൂണിറ്റിന്റെ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നഗരസഭാ ചെയർമാൻ എം.പ്രദീപിനെ വിവരം അറിയിക്കുകയും തുടർന്ന് ചെയർമാൻ സ്ഥലം സന്ദർശിക്കുകയും ചെയ്തു.

വാമനപുരം നദിയോട് ചേർന്ന കാട് പിടിച്ച പ്രദേശമായിരുന്നതിനാൽ പെട്ടെന്ന് അരുടെയും ശ്രദ്ധയിൽ പെടാത്ത പ്രദേശമായിരുന്നു ഇത്. എന്നാൽ ദിവസങ്ങളായി ഇവിടെ തെരുവ് നായ്ക്കളുടെ ശല്യം ഏറി വരുകയും കാൽനടയാത്രക്കാർക്ക് ഭീഷണി ആയതിന്റെ അടിസ്ഥാനത്തിലാണ് ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രന്റെയും, എക്സിക്യൂട്ടീവ് അംഗം സംഗീത്, ട്രഷറർ പ്രശാന്ത്, ആർ.കെ.ശ്യാം, മിഥുൻ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശമാകെ പരിശോധിച്ച് മാലിന്യ കൂമ്പാരം കണ്ടെത്തുകയായിരുന്നു.

നദിയിലേക്ക് വലിയൊരളവ് മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്. ബാക്കി മാത്രമാണ് നദിക്കരയിൽ കണ്ടെത്താൻ കഴിഞ്ഞത്. കുപ്പിയിലടച്ച ശീതള പാനീയങ്ങൾ പാൽപ്പൊടി തുടങ്ങിയവ മൊത്തവ്യാപരം നടത്തുന്ന സ്ഥാപനങ്ങളിൽ നിന്നുള്ള കാലാവധി കഴിഞ്ഞ സാധനങ്ങളാണ്. നഗരസഭ ഹെൽത്ത് സ്ക്വാഡ് ഇതിന്റെ പട്ടണത്തിലെ വിതരണക്കാരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചതായി ആരോഗ്യ വിഭാഗം ഉദ്ദ്യോഗസ്ഥൻ മുബാറക്ക് ഇസ്മായിൽ പറഞ്ഞു. നദീസംരക്ഷണത്തിന്റെ ഭാഗമായി നഗരസഭ നിരവധി പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. വാമനപുരം നദി കടന്ന് പോകുന്ന പ്രദേശങ്ങളിലെ ജനങ്ങൾ ഈ ജലത്തെ ആശ്രയിച്ചാണ് കഴിയുന്നത്. കന്നുകാലി വളർത്തൽ കൃഷി എന്നിവക്കും നദിയിലെ ജലത്തെ ആശ്രയിക്കുന്ന ഒരുപാട് കർഷകരും ഉണ്ട്. അതിനാൽ ശുദ്ധജലത്തിൽ മാലിന്യം കലർത്തൽ പരിസ്ഥിതി മലിനീകരണം എന്നീ ഗുരുതര കുറ്റങ്ങൾ ചുമത്തി ഈ സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടിയെടുക്കും, ആവശ്യമെങ്കിൽ പോലീസിന്റെ സഹായവും തേടുമെന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.