ആറ്റിങ്ങലിൽ 500 കിലോ കഞ്ചാവ് പിടികൂടിയ സംഭവം, പിന്നിൽ വൻ സംഘം, രാജുഭായ് ആണ് തലവനെന്ന് റിപ്പോർട്ട്‌

ആറ്റിങ്ങൽ : കഴിഞ്ഞ ദിവസം ആറ്റിങ്ങൽ കോരാണിയിൽ നിന്ന് 20 കോടി രൂപ വിലവരുന്ന അഞ്ഞൂറ് കിലോ കഞ്ചാവ് പിടിച്ചതിന്റ പിന്നാമ്പുറം അന്വേഷിക്കുമ്പോൾ അതിനു പിന്നിൽ വൻ റാക്കറ്റെന്ന് എക്‌സൈസ് കണ്ടെത്തൽ. കഞ്ചാവ് സൂക്ഷിക്കാൻ മൂന്ന് ജില്ലകളിൽ ഗോഡൗൺ പ്രവർത്തിക്കുന്നുവെന്നും എക്‌സൈസിന് വിവരം ലഭിച്ചു.ഹൈദരാബാദ്, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് വലിയ തോതിൽ കഞ്ചാവെത്തുന്നുവെന്നാണ് റിപ്പോർട്ട്‌.

കേരളത്തിൽ ആദ്യമായി 500 കിലോ കഞ്ചാവ് പിടികൂടിയത് ആറ്റിങ്ങലിൽ… ആറ്റിങ്ങലുകാരുടെ ശ്രദ്ധയ്ക്ക്….

Posted by ആറ്റിങ്ങൽ വാർത്ത – Attingal Vartha on Saturday, September 5, 2020

കേരളത്തിലേക്ക് കഞ്ചാവ് അയക്കുന്നത് രാജു ഭായ് എന്ന പഞ്ചാബ് സ്വദേശിയാണ്. ഇയാൾ ഹൈദ്രാബാദ് കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്നു. കേരളത്തിൽ ഇടപാടിന് മേൽനോട്ടം വഹിക്കുന്നത് തൃശൂർ സ്വദേശി സെബുവാണ്. ഇയാളാണ് കേരളത്തിലെ ഏജന്റുമാരിൽ നിന്നും പണം പിരിച്ച് രാജു ഭായിയിലേക്ക് എത്തിക്കുന്നത്. തിരുവനന്തപുരത്തെ ഏജന്റുമാർ വടകര സ്വദേശി ആബേഷ്, ചിറയിൻകീഴ് സ്വദേശി ജയൻ എന്നിവരാണ്. പ്രതികളെല്ലാം മൊബൈൽ ഫോൺ ഓഫാക്കി വെച്ച ശേഷം ഒളിവിൽ പോയതയായും എക്‌സൈസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളത്തിൽ എത്തുന്ന കഞ്ചാവ് സൂക്ഷിക്കാൻ മൂന്ന് ജില്ലകളിൽ ഗോഡൗൺ പ്രവർത്തിക്കുന്നുവെന്നും എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഗോഡൗണിലാണ് കഞ്ചാവ് സൂക്ഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് എക്‌സൈസ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഒരു പഞ്ചാബ് സ്വദേശിയെയും ജാർഖണ്ഡ് സ്വദേശിയെയുമാണ് സ്റ്റേറ്റ് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.