സംസ്ഥാനത്തിന് മാതൃകയായി ആറ്റിങ്ങൽ നഗരസഭ : ലൈഫ് ഭവന പദ്ധതിയിലൂടെ എല്ലാവർക്കും വീട്

ആറ്റിങ്ങൽ: കേരളത്തിന് മാതൃകയായ ആറ്റിങ്ങൽ നഗരസഭ മറ്റൊരു മാതൃക കൂടി സൃഷ്ടിക്കുന്നു. എല്ലാ പട്ടികജാതി കുടുംബത്തിനും സ്വന്തമായി ഭൂമി നൽകിയ രാജ്യത്തെ ഏക നഗരസഭയായ ആറ്റിങ്ങൽ, ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി പൊതുവിഭാഗത്തിൽപ്പെട്ട എല്ലാവർക്കും ഭൂമി നൽകി വീണ്ടും മാതൃകയാവുന്നു. ലൈഫ് മിഷന്റെ മാനദണ്ഡങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ച് നഗരസഭ അർഹരായവരെ കണ്ടെത്തി കൗൺസിൽ ഏകകണ്ഡമായി അംഗീകരിച്ച 122 പേരിൽ ആദ്യഘട്ടമായി 27 പേർക്ക് ഭൂമിയുടെ ആധാരം എല്ലാ വീടുകളിലും നേരിട്ടെത്തി കൈമാറുന്നു.

ചടങ്ങിന്റെ ഉദ്ഘാടനം സെപ്തംബർ 14 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും. അഡ്വ.ബി.സത്യൻ എം.എൽ.എ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ എം.പ്രദീപ് സ്വാഗതം ആശംസിക്കും. എല്ലാവർക്കും സ്വന്തമായി ഭൂമിയും വീടും നൽകുക എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭ ഇതുവരെ 701 വീടുകൾ നിർമ്മിച്ച് നൽകുക ഉണ്ടായി. ഇതിൽ 260 വീടുകൾ പട്ടികജാതി വിഭാഗത്തിനാണ് നൽകിയത്. ഈ പദ്ധതിയുടെ അവസാന ഘട്ടത്തിന്റെ ഭാഗമായി ഭൂമി വാങ്ങി വീട് നിർമ്മിച്ച് നൽകുകയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അർഹരായ 122 പേരെ കണ്ടെത്തുകയും അതിൽ 27 പേർക്ക് ഇപ്പോൾ ഭൂമി നൽകുന്നതും. അവശേഷിക്കുന്നവർക്കും ഈ വർഷം തന്നെ ഭൂമി നൽകുകയും ഒപ്പം വീടും നിർമ്മിച്ച് നൽകും.