ആറ്റിങ്ങലിൽ സ്വന്തമായി ക്വാറന്റൈൻ സംവിധാനമില്ലാത്ത വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കില്ല: നഗരസഭ ചെയർമാൻ

ആറ്റിങ്ങൽ: നഗരത്തിൽ കൊവിഡ് സമൂഹ്യ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭാ ചെയർമാൻ എം.പ്രദീപിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം. പത്ത് പേരിലധികം ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളോടാണ് സ്വന്തമായി ക്വാറന്റൈൻ സംവിധാനം ഒരുക്കാൻ കൊവിഡ് മോണിറ്ററിംഗ് കമ്മിറ്റി നിർദ്ദേശിച്ചത്. നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുന്നവർക്ക് ഒരാൾക്ക് ഒരു മുറിയും ഒരു ശൗചാലയം എന്ന ക്രമത്തിലായിരിക്കണം, കൂടാതെ ഭക്ഷണം അവശ്യ സാധനങ്ങൾ എന്നിവ ഉൾപ്പടെയുള്ള സംവിധാനങ്ങൾ അതാത് സ്ഥാപന ഉടമകൾ ഒരുക്കേണ്ടതാണ്. മൂന്ന് ദിവസത്തിനുള്ളിൽ ഈ നിർദ്ദേശം നടപ്പിലാക്കാത്ത സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കില്ലെന്ന് ചെയർമാൻ അറിയിച്ചു.

ദിവസവും നിരവധി പുതിയ കേസുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിൽ ഭൂരിഭാഗവും വ്യാപാര സ്ഥാപനങ്ങളിൽ നിന്നാണ്. കൂടാതെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാനിട്ടയിസർ, ഗ്ലൗസ്, മാസ്ക്, സാമൂഹിക അകലം എന്നീ നിബന്ധനകളും മിക്ക സ്ഥാപനങ്ങളിലും പാലിക്കപ്പെടുന്നില്ല. ഇനി മുതൽ ഈ സംവിധാനങ്ങൾ ജീവനക്കാർക്ക് പുറമെ സന്ദർശകർക്കും നിർബന്ധമാക്കണം.

നഗരത്തിലെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ കേന്ദ്രത്തിന്റെ പ്രവർത്തനം ഈ മാസം 19 ന് അവസാനിപ്പിക്കും. തുടർന്ന് കെട്ടിടം അണുവിമുക്തമാക്കി സി.എസ്.ഐ മാനേജ്മെന്റിന് തിരികെ കൈമാറും. രോഗവ്യാപന തോത് മനസിലാക്കുന്നതിന്റെ ഭാഗമായി വരുന്ന ദിവസങ്ങളിൽ വിവിധ വാർഡുകളിലായി സെന്റിനിയൽ സർവ്വെ സംഘടിപ്പിക്കും. ജനത്തിരക്കേറിയ പ്രദേശങ്ങളിലെ സ്ഥാപനങ്ങൾ വ്യാപാരശാലകൾ, കോളനികൾ, പൊതു ഗതാഗത മേഖലകൾ, സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്കാണ് പരിശോധനക്ക് മുൻഗണന.

നഗരസഭാ സെക്രട്ടറി എസ്.വിശ്വനാഥൻ, ഡെപ്യൂട്ടി തഹസീദാർ വേണു, ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ്, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്.മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ചർച്ച ചെയ്ത് തീരുമാനം എടുത്തത്.