ആറ്റിങ്ങലിൽ കോവിഡ് രോഗികൾ കൂടുന്നു, ജാഗ്രത പാലിക്കുക

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നതായി നഗരസഭാ ചെയർമാൻ അറിയിച്ചു. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആറ്റിങ്ങൽ കച്ചേരി നടയിൽ പ്രവർത്തിക്കുന്ന കല്യാൺ ടെക്സ്റ്റയിൽസിലെ 3 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു. ആദിത്യ വസ്ത്രാലയത്തിലെ രോഗം സ്ഥിരീകരിച്ച ജീവനക്കാരിയുടെ അടുത്ത ബന്ധു കല്യാൺ സിൽക്സിലെ ജീവനക്കാരിയാണ്. ഇവർ ഇളമ്പയിലെ വീട്ടിൽ ഒരുമിച്ചായിരുന്നു താമസം. 32 കാരിയായ ഇവർ കല്യാണിലെ സാരിവിൽപന വിഭാഗത്തിലെ ജീവനക്കാരിയാണ്. കഴിഞ്ഞ ദിവസം വാളക്കാട് പി.എച്ച് സെന്റെറിലെ കൊവിഡ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്ക പട്ടിക ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് ഇവർ ഈ മാസം രണ്ടാം തീയതി വരെ ജോലി ചെയ്തതായി കണ്ടെത്തി. തുടർന്ന് നഗരസഭ ചെയർമാൻ എം.പ്രദീപിന്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം സ്ഥലത്തെത്തുകയും സാരി വിൽപ്പന വിഭാഗത്തിൽ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 6 പേരെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ അടിയന്തിര സ്രവ പരിശോധനക്ക് വിധേയരാക്കുകയും അതിൽ രണ്ട് പേർക്ക് രോഗം സ്ഥിതീകരിക്കുകയും ഉണ്ടായി. പൂവമ്പാറ സ്വദേശി 29 കാരിയും, അഴൂർ സ്വദേശി 39 കാരനുമാണ് ഇന്നത്തെ പരിശോധനയിൽ പൊസിറ്റീവ് ആയത്. ആകെ 95 ജീവനക്കാരാണ് ഈ വസ്ത്രാലയത്തിൽ ഉള്ളത്. അതിൽ സാരി സെക്ഷനിലെ 15 പേർ പ്രൈമറി കോൺടാക്റ്റ് ലിസ്റ്റിൽ ഉള്ളവരാണ്. പുരുഷൻമാരായ 14 പേരെ മാർക്കറ്റ് റോഡിൽ ഇവരുടെ ഹോസ്‌റ്റ്‌ലിൽ തന്നെ നിരീക്ഷണത്തിൽ കഴിയാനുള്ള സംവിധാനം ഒരുക്കി. വീടുകളിൽ ക്വാറന്റൈൻ സൗകര്യങ്ങൾ ഇല്ലാത്ത സ്ത്രീകളിൽ നഗരൂർ(33), കടമ്പാട്ട്കോണം(33), വഞ്ചിയൂർ(26), കിളിമാനൂർ(28), ആലംകോട്(34) എന്നിവിടങ്ങളിലെ 5 പേരെ നഗരസഭയുടെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈനിലേക്ക് മാറ്റി. ഇവരുടെ വീടുകളിൽ വൃദ്ധരും, കുട്ടികളും, ഗുരുതര രോഗങ്ങൾ ബാധിച്ചവരും ഉള്ളതിനാലാണ് ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ സജ്ജമാക്കിയതെന്ന് ചെയർമാൻ പറഞ്ഞു. നിരീക്ഷണത്തിൽ കഴിയുന്നവർ അതാത് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം. സ്ഥാപനത്തിന്റെ കീഴിൽ നിരീക്ഷത്തിൽ കഴിയുന്നവരുടെ ഭക്ഷണം ഉൾപ്പടെയുളള അടിസ്ഥാന സൗകര്യങ്ങൾ മാനേജ്മെന്റ് തന്നെ ഉറപ്പാക്കണം. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷെൻസി, സിദ്ദീഖ് എന്നിവരുടെ സംഘം സ്ഥാപനം താൽക്കാലികമായി അടച്ചിടാൻ നിർദേശിക്കുകയും, ജീവനക്കാരുടെ പേര് വിവരങ്ങളും ശേഖരിച്ചു.

സമ്പർക്കത്തിലൂടെ ലഭിച്ച രോഗവ്യാപനമാണിത്. പട്ടണത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി സമ്പർക്ക രോഗികളുടെ എണ്ണവും വർദ്ധിക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് നാളെ 12 മണിക്ക് നഗരസഭാ തല അടിയന്തിര യോഗം വിളിക്കാനും തീരുമാനിച്ചതായി ചെയർമാൻ എം.പ്രദീപ് അറിയിച്ചു. തഹൽസീദാർ, നഗരസഭാ സെക്രട്ടറി, ആരോഗ്യ വിഭാഗം, പോലീസ്, റെവന്യൂ വകുപ്പ് എന്നിവരുൾപ്പെടുന്ന അടിയന്തിര യോഗമാണ് ചെയർമാന്റെ അധ്യക്ഷതയിൽ ചേരുന്നത്.

നഗരസഭ 13-ാം വാർഡ് എ.കെ.ജി നഗറിൽ ഒരു കുടുംബത്തിലെ 5 വയസ് കാരൻ ഉൾപ്പടെ 3 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം 5 ന് ഈ വീട്ടിലെ 50 കാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇവരെ എസ്.ആർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. വീട്ടിൽ ബാക്കിയുണ്ടായിരുന്ന അഞ്ച് പേർ സ്വയം നിരീക്ഷണത്തിൽ കഴിയുകയും തുടർന്ന് കഴിഞ്ഞ ദിവസം ഇവരെ വലിയകുന്ന് ആശുപത്രിയിൽ പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഇതിൽ 30 കാരനും 24 കാരിയായ ഭാര്യക്കും ഇവരുടെ അഞ്ച് വയസ്കാരൻ മകന്റെയും ഫലം പൊസിറ്റീവായി. നെഗറ്റീവായ രണ്ട് പേർ വർക്കലയിൽ പെയ്ഡ് ക്വാറന്റൈനിലേക്ക് മാറി. രോഗബാധിതരായ 3 പേരും വീട്ടിലെ റൂം ക്വാറന്റൈനിൽ കഴിയുമെന്നും നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

കഴിഞ്ഞ ദിവസം വലിയകുന്ന് ആശുപത്രിയിൽ സ്രവ പരിശോധന നടത്തിയവരിൽ നഗരസഭ 13-ാം വാർഡിൽ അവനവഞ്ചേരി കൊച്ചാലുംമൂട് സ്വദേശി 39 കാരിക്ക് രോഗം സ്ഥിരീകരിച്ചു. ഇവരെ കടക്കാവൂർ കൊവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റിയതായി ആരോഗ്യ വിഭാഗം അറിയിച്ചു. ഒരാഴ്ചയിലേറെയായി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്നതിനാൽ പരിസരവാസികൾക്ക് ആശങ്ക വേണ്ടെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു. നഗരസഭ വീടും പരിസരവും അണുവിമുക്തമാക്കാനുള്ള നടപടികൾ സ്വീകരിച്ചു.

𝐁𝐑𝐄𝐀𝐊𝐈𝐍𝐆 𝐍𝐄𝐖𝐒 ആറ്റിങ്ങൽ ഗുരുതരാവസ്ഥയിലേക്ക്, കല്യാൺ സിൽക്‌സിൽ 5 പേരെ പരിശോധിച്ചതിൽ 3 പേർക്ക് പോസിറ്റീവ്, ആറ്റിങ്ങലിന്റെ അവസ്ഥയെ കുറിച്ച് ചെയർമാൻ പറയുന്നു… വീഡിയോ കാണുക !

Posted by ആറ്റിങ്ങൽ വാർത്ത – Attingal Vartha on Thursday, September 10, 2020