ആറ്റിങ്ങൽ നഗരത്തിൽ 2 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, ആശങ്ക വേണ്ടെന്ന് ചെയർമാൻ

ആറ്റിങ്ങൽ: നഗരസഭ മേലാറ്റിങ്ങൽ 31-ാം വാർഡിലെ 56 കാരനും, പട്ടണത്തിലെ ഒരു സ്വകാര്യ വസ്ത്രവിപണന ശാലയിലെ 25 കാരനായ ജീവനക്കാരനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മേലാറ്റിങ്ങൽ സ്വദേശി ഈ മാസം 1 നാണ് അവസാനമായി ജോലിക്ക് പോയത്. ഇയാൾ ആലംകോട് പ്രവർത്തിക്കുന്ന മട്ടൻ വ്യാപരശാലയിലെ ജീവനക്കാരനാണ്. കഴിഞ്ഞ ഒരാഴ്ചയായി ഇയാൾക്ക് പനിയായിരുന്നു. തുടർന്ന് 2-ാം തീയതി പരിശോധനക്ക് വിധേയനാക്കുകയും ഇന്ന് ഉച്ചയോടെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മറ്റ് അസുഖങ്ങളുമായി ബന്ധപ്പെട്ട ചികിൽസ നടത്തുന്നതിനാൽ ഇയാളെ അവിടുത്തെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ് അറിയിച്ചു.

രോഗം ബാധിച്ച രണ്ടാമൻ മണമ്പൂർ സ്വദേശിയാണ്. ഇയാൾ നഗരത്തിലെ ഒരു പ്രമുഖ വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരനാണ്. അവസാനമായി ജോലി ചെയ്തത് ഈ മാസം രണ്ടിനാണ്. അന്നേ ദിവസം സന്ധ്യയോടെ രോഗലക്ഷണം ഉണ്ടായതിനെ തുടർന്ന് 3-ാം തീയതി മണമ്പൂർ പി.എച്ച്.സി യിൽ കൊവിഡ് ടെസ്റ്റ് നടത്തുകയും ഇന്ന് ഉച്ചയോടെ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

ഈ രണ്ട് പേരും ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാരെയും പരിശോധിച്ച് ഫലം അറിയുന്നത് വരെ സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടാൻ നഗരസഭ ആരോഗ്യവിഭാഗം നിർദ്ദേശിച്ചതായി ചെയർമാൻ എം.പ്രദീപ് അറിയിച്ചു. കൂടാതെ ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരെ സ്വയം നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയും, വീടും സ്ഥാപനങ്ങളും അണുവിമുക്തമാക്കാൻ നടപടി സ്വീകരിച്ചതായും ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ അറിയിച്ചു.