ആറ്റിങ്ങലിൽ ഇതുവരെ 45 കൊവിഡ് രോഗികൾ, 27 പേർ രോഗമുക്തി നേടി

ആറ്റിങ്ങൽ: നഗരസഭാ പരിധിയിൽ വിവിധ വാർഡുകളിലായി ഇതുവരെ 45 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതിൽ 27 പേർ രോഗ മുക്‌തരായി.

ജൂലൈ 29 നാണ് പട്ടണത്തിൽ ആദ്യത്തെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് രോഗവ്യാപനത്തെ ചെറുക്കാൻ ആദ്യ ഘട്ടത്തിൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് നഗരത്തിലെത്തുന്ന ലോറി തൊഴിലാളികളെ തെർമൽ സ്കാനിംഗിന് വിധേയരാക്കി. അതിഥി തൊഴിലാളികൾക്ക് പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തുകയും ഇവരുടെ വാസസ്ഥലങ്ങൾ സന്ദർശിച്ച് വാസയോഗ്യമാണെന്ന് ഉറപ്പ് വരുത്തി. രണ്ടാം ഘട്ടത്തിൽ നഗരത്തിലെ പൊതു മാർക്കറ്റുകൾ, വഴിയോര കച്ചവടങ്ങൾ തുടങ്ങിയവ താൽക്കാലികമായി നിരോധിച്ചിരുന്നു. കൂടാതെ ജനസാന്ദ്രത കൂടിയ മേഖലകൾ, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, പൊതുഇടങ്ങൾ, രോഗികളുടെ താമസ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം അണുനശീകരണ പ്രവർത്തനങ്ങളും നിരന്തരം നടത്തിയിരുന്നു. അതോടൊപ്പം രോഗികളെ പരിശോധനയിലൂടെ വേഗത്തിൽ കണ്ടെത്താൻ വലിയകുന്ന് താലൂക്കാശുപത്രിയിൽ കൊവിഡ് പരിശോധന കേന്ദ്രം തുറക്കുകയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പരിശോധന ക്യാമ്പുകളും സംഘടിപ്പിച്ചു.

പ്രവാസികളായിട്ടുള്ളവർക്കും സ്വന്തമായി ക്വാറന്റൈൻ സംവിധാനം ഇല്ലാത്തവർക്കും വേണ്ടി നഗരസഭയുടെ നേതൃത്വത്തിൽ ജൂൺ 6 ന് നഗരത്തിൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ സെന്ററുകളുടെ പ്രവർത്തനം ആരംഭിച്ചു. ഇതുവരെ 120 പേരാണ് നിരീക്ഷണ കേന്ദ്രങ്ങളിൽ കഴിഞ്ഞിട്ടുള്ളത്. ഇതിൽ 104 പേരും നിരീക്ഷണ കാലാവധി പൂർത്തിയാക്കി വീടുകളിലേക്ക് മടങ്ങി. ക്വാറന്റൈ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്നവർക്ക് ആർക്കും തന്നെ ഇതുവരെ രോഗം ബാധിച്ചിട്ടില്ല എന്നുള്ളത് നഗരസഭയുടെ കർശന ക്വാറന്റൈൻ സംവിധാനത്തിന്റെ മാത്രം പ്രത്യേകതയാണ്. കൂടാതെ പട്ടണത്തിന് സമീപത്തെ പഞ്ചായത്തുകളെല്ലാം കണ്ടൈയ്മെന്റ് സോണായി മാറിയപ്പോൾ തന്നെ നഗരത്തിൽ വിവിധ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രങ്ങൾ സജ്‌ജമാക്കി.

തുടക്കം മുതലെ ആറ്റിങ്ങൽ നഗരസഭ, ആരോഗ്യ മേഖലയിൽ ഇത്തരത്തിലുള്ള ശക്തമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതിനാലാണ് രോഗവ്യാപനത്തെ ഇത്രയധികം ചെറുക്കാനായതെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു.