ആശങ്ക ഒഴിയാതെ ആറ്റിങ്ങൽ : ഇന്ന് 6 മാസം പ്രായമുള്ള കുഞ്ഞിന് ഉൾപ്പടെ 8 പേർക്ക് കൊവിഡ് പോസിറ്റീവ്

ആറ്റിങ്ങൽ: നഗരസഭ കൊട്ടിയോട് 29-ാം വാർഡിൽ കരയോഗത്തിന് സമീപം 22 വയസ്കാരനും, 11-ാം വാർഡിൽ 6 മാസം പ്രായമുള്ള കുട്ടിക്കും, ആദിത്യ ടെക്സ്റ്റയിൽസിലെ 6 ജീവനക്കാർക്കും ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കൊട്ടിയോട് സ്വദേശി തിരുവനന്തപുരം ലൈഫ് മിഷനിലെ ജീവനക്കാരനാണ്. കഴിഞ്ഞമാസം 27നാണ് അവസാനമായി ഇയാൾ ജോലിക്ക് പോയത്. ഇയാളുടെ മേലധികാരിയുടെ നിർദ്ദേശപ്രകാരം ഈ മാസം 3 ന് വലിയകുന്ന് താലൂക്കാശുപത്രിയിൽ സ്രവ പരിശോധനക്ക് വിധേയനാകുകയും ഇന്ന് പൊസിറ്റീവ് ആവുകയുമായിരുന്നു. വാർഡ് കൗൺസിലർ പി.എസ്. വീണ, ആശാവർക്കർ ഇന്ദിര എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾക്ക് ബോധവൽക്കരണം നടത്തി.

ആറ് മാസം പ്രായമുള്ള കുട്ടിക്ക് വയറു വേദന ഉണ്ടായതിനെ തുടർന്ന് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കൊവിഡ് പരിശോധനാ ഫലം പൊസിറ്റീവ് ആവുകയുമായിരുന്നു. കുട്ടിയെ കിംസിലെ കൊവിഡ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ജീവനക്കാരന് രോഗം സ്ഥിതീകരിച്ചതിനെ തുടർന്ന് അടച്ചിട്ട ആദിത്യ വസ്ത്രാലയത്തിലെ 6 ജീവനക്കാർക്ക് കൂടി വലിയകുന്ന് താലൂക്കാശുപത്രിയിൽ സ്രവ പരിശോധന നടത്തുകയും ഇവർക്കെല്ലാവർക്കും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

മുദാക്കൽ സ്വദേശികളായ രണ്ട് പേർ ( 23),(33), കിളിമാനൂർ സ്വദേശി(22), കടക്കാവൂർ സ്വദേശി(53), വേങ്ങോട് സ്വദേശി(23), പോത്തൻകോട്(64) എന്നിവരെയും കൊട്ടിയോട് സ്വദേശി 22 കാരനെയും അകത്തുമുറി എസ്.ആർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ് അറിയിച്ചു.

വസ്ത്ര വ്യാപാരശാലയിലെ 6 പേർ നഗരത്തിന് പുറത്തുള്ളവരാണ്. പക്ഷേ അടുത്ത ദിവസങ്ങളിൽ ഇവിടെ സന്ദർശിച്ചവർ ജാഗ്രത പുലർത്തണമെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു. കൂടാതെ പട്ടണത്തിലെ ഏതെങ്കിലും സ്ഥാപനത്തിലെ ജീവനക്കാർക്ക് പരിശോധന നടത്തുന്നതിന് അവരവരുടെ പഞ്ചായത്തിലെ സർക്കാർ പി.എച്ച്.എസ് സെന്റെറുകളുമായി ബന്ധപ്പെടണം.

ഇന്ന് വിവിധ പഞ്ചായകളിൽ നിന്ന് സ്രവ പരിശോധനക്ക് എത്തിയ 6 പേരും വലിയകുന്ന് ആശുപത്രിയിലെ ഭക്ഷണശാല അടക്കം നിരവധി സ്ഥലങ്ങൾ സന്ദർശിക്കുകയും പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുകയും ചെയ്തു. തുടർന്ന് ഇവർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഭക്ഷണശാല ഒരാഴ്ചത്തേക്ക് അടച്ചിടേണ്ട സാഹചര്യം ഉണ്ടാവുകയും നിരവധി വാഹനങ്ങളും സ്ഥാപനങ്ങളും അണുവിമുക്‌തമാക്കുകയും ചെയ്തു.

പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നത് രോഗവ്യാപന സാധ്യത വർദ്ധിപ്പിക്കുകയും ആരോഗ്യ വിഭാഗത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുമെന്ന് ചെയർമാൻ പറഞ്ഞു.

നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജി.എസ്.മഞ്ചു, എൽ.എസ്.ഷെൻസി എന്നിവരുടെ നേതൃത്വത്തിൽ ഇവരുടെ സമ്പർക്ക പട്ടിക ശേഖരിച്ചു. ശുചീകരണ വിഭാഗം ജീവനക്കാരായ ശശി, ഗിരീശൻ, വിനോദ് എന്നിവർ ആശുപത്രിയും, രോഗ ബാധിതരുടെ വീടുകളും അണുവിമുക്തമാക്കി.

അതേ സമയം, കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വ്യക്തി സന്ദർശിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന അവനവഞ്ചേരി ഗ്രാമത്ത്മുക്കിലെ സപ്ലൈകൊയുടെ മാവേലി സൂപ്പർ സ്റ്റോർ നഗരസഭ ഡിസ് ഇൻഫെക്ഷൻ ചെയ്തു. അടുത്ത ദിവസം സ്ഥാപനം തുറന്ന് പ്രവർത്തിക്കുമെന്നും ചെയർമാൻ എം.പ്രദീപ് അറിയിച്ചു.