ആറ്റിങ്ങൽ വലിയകുന്ന് താലൂക്കാശുപത്രി 6 മാസത്തിനുള്ളിൽ ഹൈടെക്ക് ആകും : ആരോഗ്യ മന്ത്രി

ആറ്റിങ്ങൽ: വലിയകുന്ന് ഗവ.താലൂക്കാശുപത്രിയിലെ പുതിയ പ്രസവ വാർഡിന്റെ നിർമ്മാണോദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ സാമൂഹ്യക്ഷേമ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചർ നിർവ്വഹിച്ചു.ആറ്റിങ്ങൽ വലിയകുന്ന് താലൂക്കാശുപത്രി 6 മാസത്തിനുള്ളിൽ ഹൈടെക്ക് ആകുമെന്ന് മന്ത്രി പറഞ്ഞു.

മൂന്ന് കോടി അമ്പത് ലക്ഷം രൂപ ചിലവിട്ടാണ് ഈ കെട്ടിടം നിർമ്മിക്കുന്നത്. 1087 സ്ക്വയർ മീറ്റർ ചുറ്റളവിൽ എല്ലാ അത്യാധുനിക സംവിധാനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് മെറ്റേണിറ്റി ബ്ലോക്ക് നിർമ്മിക്കുന്നത്. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ഉദ്ഘാടന യോഗത്തിൽ അഡ്വ.ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ എം.പ്രദീപ് സ്വാഗതം ആശംസിച്ചു. വൈസ് ചെയർപേഴ്സൺ ആർ.എസ്.രേഖ, വാർഡ് കൗൺസിലർ കെ. ശോഭന, പൊതുമരാമത്ത് ബിൽഡിംഗ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.സന്തോഷ്, ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ് എന്നിവർ പങ്കെടുത്തു. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എം.എൽ.എ യുടെയും നഗരസഭയുടെയും നിരന്തര ഇടപെടലിന്റെ ഭാഗമായി ഒ.പി, ഡയാലിസിസ്, മെറ്റേണിറ്റി ബ്ലോക്കുകളുടെ നിർമ്മാണത്തിനായി 10 കോടിയിലധികം തുകയാണ് ഇതുവരെ അനുവദിച്ചിട്ടുള്ളത്. കൂടാതെ 4 കോടി 5 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഡയാലിസിസ് ബ്ലോക്കിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഒ.പി ബ്ലോക്കിന്റെ ആദ്യ ഘട്ട നിർമ്മാണവും ,55 ലക്ഷം രൂപ ചിലവിട്ട് നിർമ്മിക്കുന്ന ഓപ്താൽമിക് ബ്ലോക്കിന്റെ നിർമ്മാണവും ധ്രുതഗതിയിൽ നടക്കുന്നു.


കൂടാതെ നഗരസഭയും സായിഗ്രാമും 1 കോടി 42 ലക്ഷം രൂപ ചിലവിട്ട് ആരംഭിച്ച ഡയാലിസിസ് യൂണിറ്റ്, 30 ലക്ഷം രൂപ ചിലവിട്ട് നിർമ്മിക്കുന്ന പുതിയ വനിതാ ക്യാന്റീൻ തുടങ്ങിയവയും വലിയകുന്ന് താലൂക്കാശുപത്രിയെ ഈ അഞ്ച് വർഷം കൊണ്ട് വികസന പ്രവർത്തനങ്ങളുടെ  പറുദീസയാക്കി മാറ്റി. പുതിയതായി നിർമ്മിക്കുന്ന ഒ.പി,ഡയാലിസിസ്‌, മെറ്റേണിറ്റി, ഒപ്താൽമിക്ക് ബ്ലോക്കുകൾ എന്നിവ പ്രവർത്തനം ആരംഭിക്കുന്നതിലൂടെ ആറ്റിങ്ങലിലെ ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾക്ക് സൃഷ്ടിക്കുമെന്ന് അഡ്വ.ബി.സത്യൻ എം.എൽ.എ അറിയിച്ചു.