മത്സ്യ കൃഷി പരിപാലനത്തിനും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും തയ്യാറായി ആറ്റിങ്ങലിലെ യൂത്ത് ബ്രിഗേഡിയർമാർ

ആറ്റിങ്ങൽ: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള മത്സ്യ കൃഷി പരിപാലനത്തിനും, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എക്സ്പ്ലോറർ 300 എന്ന മിനി ലൈഫ് ബോട്ട് വാങ്ങിയത്. ഏകദേശം 6000 രൂപ ചിലവിട്ടാണ് ഇത് വാങ്ങിയത്. നഗരസഭ കൊട്ടിയോട് 29-ാം വാർഡിലെ മഠത്തിൽ കുളത്തിൽ വച്ച് ചെയർമാൻ എം.പ്രദീപ് ലൈഫ് ബോട്ടിന്റെ തുഴ ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രന് കൈമാറി ഇതിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.

മത്സ്യകൃഷിയുടെ ഭാഗമായി പട്ടണത്തിലെ നിരവധി കുളങ്ങളാണ് ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ ഏറ്റെടുത്തിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ഈ വർഷം നഗരസഭയിൽ നിന്ന് മത്സ്യ കുഞ്ഞുങ്ങളെ ഇത്തരത്തിലുള്ള കുളങ്ങളിൽ നിക്ഷേപിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയിൽ കുളത്തിൽ ഇറങ്ങി നിന്നുള്ള പരിപാലനം ഏറെ വെല്ലുവിളി ഉയർത്തുന്നതിനാലാണ് ഇത്തരണിലുള്ള ഒരാശയം സംഘടന നടപ്പിലാക്കിയത്. കൂടാതെ പ്രളയം പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ അടിയന്തിരമായി രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനും ഇത് ഉപകരിക്കും.

നിലവിൽ പരിശീലനം ലഭിച്ച യൂത്ത് ബ്രിഗേഡിയർമാർ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ കീഴിൽ ഉണ്ട്. കൂടുതൽ അംഗങ്ങളെ കൂടി പരിശീലിപ്പിക്കുകയും, അതോടൊപ്പം അധികം ആളുകളെ വഹിക്കാൻ ശേഷിയുള്ള വലിയ ലൈഫ് ബോട്ടുകൾ വാങ്ങുമെന്നും ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രൻ അറിയിച്ചു.
ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സംഗീത്, ട്രഷറർ പ്രശാന്ത്, മേഖലാ കമ്മിറ്റി അംഗങ്ങളായ രതീഷ്, ശരത്, മിഥുൻ, വിനീത്, ആർ.കെ.ശ്യാം തുടങ്ങിയവർ പങ്കെടുത്തു.