തീരദേശ മേഖലയിൽ സമഗ്രകുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നു

ചിറയിൻകീഴ് : തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് , അഞ്ചുതെങ്ങ് , കടയ്ക്കാവൂർ പഞ്ചായത്തുകൾക്കും സമീപ പഞ്ചായത്തുകൾക്കും വേണ്ടി 19.87 കോടി കിഫ്ബി ധനസഹായത്തോടു കൂടിയുള്ള കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പിലാക്കുന്നു. ഈ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി ജലവിഭവ വകുപ്പുമന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു. ചിറയിൻകീഴ് എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായ വി ശശി അധ്യക്ഷത വഹിച്ചു. എംപി അടൂർ പ്രകാശ്, ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ എന്നിവർ ഓൺലൈനിൽ പങ്കെടുത്തു. വിവിധ പഞ്ചായത്ത്‌ ജനപ്രതിനിധികൾ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം, ചിറയിൻകീഴ് എന്നീ തീരദേശ പഞ്ചായത്തുകൾക്കും, കിഴുവിലം പഞ്ചായത്തിലെ ചില പ്രദേശങ്ങൾക്കും ശുദ്ധജല വിതരണം നടത്തുന്നത് CWSS to Vakkom Anjengo ( 9mld) എന്ന പദ്ധതിയിൽ നിന്നുമാണ്. 1992 ജൂലൈ മാസത്തിൽ പ്രവർത്തനം ആരംഭിച്ച ഈ പദ്ധതിയിൽ നിന്നും നിലവിൽ ഏകദേശം 18000 ത്തോളം ഗാർഹിക കണക്ഷനുകൾ നൽകിയിട്ടുണ്ട്. തീരദേശ മേഖല ആയതിനാൽ ഭൂരിഭാഗം കുടുംബങ്ങളും കേരള ജല അതോറിറ്റിയുടെ കണക്ഷനുകളെയാണ്‌ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. ഗാർഹിക കണക്ഷനുകളെ കൂടാതെ പൊതു ടാപ്പുകൾ വഴിയും കുടിവെള്ള വിതരണം നടത്തുന്നുണ്ട്. ഈ മേഖലയിലെ ഉയർന്നു വരുന്ന ജലത്തിന്റെ ഉപയോഗം കാരണം അഞ്ചുതെങ്ങു, കടയ്ക്കവൂർ പഞ്ചായത്തിന്റെ ചില പ്രദേശങ്ങൾ, കിഴിവിലം പഞ്ചായത്തിന്റെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിലവിൽ മൂന്ന്‌ ദിവസത്തിലൊരിക്കലും, ചിറയിൻകീഴ്, വക്കം പഞ്ചായത്തുകളിൽ രണ്ടു ദിവസത്തിലൊരിക്കലും ആണ് നിലവിൽ കുടിവെള്ള വിതരണം നടത്തുന്നത്. ഇക്കാരണത്താൽ തന്നെ മേൽപ്പറഞ്ഞ മേഖലകളിൽ കുടിവെള്ള ക്ഷാമം നിലനിൽക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ നിലവിൽ നിർമാണം തുടങ്ങാൻ പോകുന്ന 15 mld ജല ശുദ്ധീകരണ ശാല കൂടി പ്രവർത്തന ക്ഷമമാകുമ്പോൾ മേൽപ്പറഞ്ഞ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സാധിക്കും. ഈ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ സർവ്വേ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. കാലപ്പഴക്കം വന്ന പൈപ്പുകൾ മാറ്റി പുതിയ വിതരന്ന ശൃഖലയുടെ രൂപകൽപന വാട്ടർ തൗതോറിറ്റിയുടെ ഡിസൈൻ വിങ് ആരംഭിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിന് കടയ്ക്കാവൂർ , ചിറയിൻകീഴ് , അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തുകളിൽ എല്ലാ ജനങ്ങൾക്കും മുഴുവൻ സമയം വെള്ളം ലഭ്യമാകാൻ വിഭാവനം ചെയ്തിട്ടുണ്ട്. ഏകദേശം 25 കോടി ചെലവ് പ്രവേശിക്കുന്ന രണ്ടാം ഘട്ടം ജല ജീവൻ പദ്ധിതിയിലുൾപ്പെടുത്തി 2024ഓടുകൂടി 3000 കണക്ഷൻ നൽകി പൂർത്തീകരിക്കും