ഹോം ഐസ്വലേഷൻ ശക്തമാക്കും, കോവിഡ് പരിശോധന വർദ്ധിപ്പിക്കും – ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്.

ഹോം ഐസ്വലേഷൻ ശക്തമാക്കാനും കോവിഡ് പരിശോധന വർദ്ധിപ്പിക്കുവാനും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്തല മോണിട്ടറിംഗ് സമിതി യോഗം തീരുമാനിച്ചു. കോവിഡ് രോഗികളുടെ എണ്ണം ദൈനം ദിനം വർദ്ധിച്ചു വരുന്ന   സാഹചര്യത്തിൽ ഹോം ഐസ്വലേഷൻ ശക്തമാക്കും. കടുത്ത രോഗലക്ഷണമുള്ളവർക്കായി ഓരോ ആശുപത്രികളും കേന്ദ്രീകരിച്ച് ഞായറാഴ്ചകൾ ഒഴിച്ചുള്ള ദിവസങ്ങളിൽ കോവിഡ്പരിശോധന നടത്തും.പരിശോധനകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ആശുപത്രികളിൽ സജ്ജമാക്കും.ഇതിനായി വരുന്ന സ്റ്റാഫുകളുടെ കുറവുകൾ പഞ്ചായത്തുകൾ നികത്തും.103 വാർഡുകളിലും പൾസ്‌ ഓക്സിമീറ്ററുകൾ വാങ്ങി നൽകും. പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ അടിയന്തിര അണു നശീകരണ പ്രവർത്തനങ്ങൾക്കായി എല്ലാ പഞ്ചായത്തിലും വാളൻ്റിയേഴ്‌സ് ഉൾപ്പെട്ട ടീമിനെ സജ്ജമാക്കും. ഹോം ഐസ്വലേഷൻ സംബന്ധിച്ചുള്ള ആശങ്കകൾ അകറ്റാൻ ജനപ്രതിനിധികൾക്കും ആരോഗ്യ പ്രവർത്തകർക്കും വാളൻ്റിയേഴ്സിനും സെപ്റ്റം: 22, 23, 24 തീയതികളിൽ പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കും.പരിശോധനയ്ക്ക് ആവശ്യമായ കിറ്റ് ലഭ്യമാക്കാൻ ഡെപ്യൂട്ടി സ്പീക്കറോഡു അഭ്യർത്ഥിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ്താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ശബ്ന ഡി.എസ്.തുടർ പ്രവർത്തനങ്ങളും കോവിഡ് നോഡൽ ആഫീസർ ഡോ.രാമകൃഷ്ണ ബാബു ഇതുവരെ നടന്ന പ്രവർത്തനങ്ങളും വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എസ്.ചന്ദ്രൻ ,ഹെൽത്ത് ഇൻസ്പെക്ടർമാരായ അനി(മുദാക്കൽ) സുഭാഷ് (കടയ്ക്കാവൂർ) ട്രീസ (ചിറയിൻകീഴ്) മുരളീധരൻ (അഞ്ചുതെങ്ങ്) പ്രമോദ് (കിഴുവിലം) എന്നിവർ പങ്കെടുത്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതവും കൺവീനർ ആർ.കെ ബാബു നന്ദിയും പറഞ്ഞു.