ആറ്റിങ്ങലിൽ ആലംകോട് സ്വദേശിക്ക് ഉൾപ്പെടെ 3 പേർക്ക് കൂടി കോവിഡ് പോസിറ്റീവ്

ആറ്റിങ്ങൽ: ആലംകോട് ഒന്നാം വാർഡിൽ 57 വയസ്കാരൻ ഉൾപ്പടെ 3 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആലംകോട് സ്വദേശി തിരുവനന്തപുരം കിംസ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. കഴിഞ്ഞ 31നാണ് ഇയാൾ അവസാനമായി ജോലി ചെയ്തത്. കഴിഞ്ഞ ദിവസം കിംസ് ആശുപത്രിയിലെ ആന്റിജൻ ടെസ്റ്റിന് ഇയാൾ വിധേയനായിരുന്നു. തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്. കിംസിലെ കൊവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് ഇയാളെ മാറ്റിയെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

നവായികുളത്തെ ഭാര്യ വീട്ടിൽ കഴിഞ്ഞ ദിവസം ഇയാൾ സന്ദർശനം നടത്തിയിരുന്നു. ഇയാളുടെ സമ്പർക്ക പട്ടികയിലുള്ളവരോട് ഹോം ക്വാറന്റൈനിൽ പ്രവേശിക്കാനും ആരോഗ്യ വിഭാഗം നിർദ്ദേശിച്ചതായും, വീടും പരിസരവും ഡിസ് ഇൻഫെക്ഷൻ ചെയ്യാനുമുള്ള നടപടികൾ സ്വീകരിച്ചതായും ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ് അറിയിച്ചു.
രണ്ടാമത്തെ രോഗബാധിതനായ പോലീസ് ഉദ്യോഗസ്ഥൻ തൃശൂർ ജില്ലയിലാണ് ജോലി നോക്കുന്നത്. കഴിഞ്ഞ ജൂലൈ മാസമാണ് ഇയാൾ അവസാനമായി നാട്ടിൽ വന്ന് പോയത്. രോഗം സ്ഥിരീകരിച്ച ഇയാൾ തൃശൂരിൽ തന്നെ ചികിൽസയിലാണ്. കൂടാതെ മൂന്നാമൻ മസ്കറ്റിൽ നിന്ന് തിരുവനന്തപുരം എയർപോർട്ടിൽ വന്നിറങ്ങിയതാണ്. ആരോഗ്യ വിഭാഗം എയർപോർട്ടിൽ വച്ച് തന്നെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇയാളെ തിരുവനന്തപുരത്തുള്ള സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റി. അതിനാൽ കൊവിഡ് സ്ഥിരീകരിച്ച രണ്ടാമന്റെയും മൂന്നാമന്റെയും കാര്യത്തിൽ നഗരവാസികൾക്ക് ആശങ്ക വേണ്ടെന്നും ചെയർമാൻ എം.പ്രദീപ് അറിയിച്ചു.