ലൈഫ് ഭവന സമുച്ചയങ്ങൾക്കു ശിലപാകി; ജില്ലയിൽ ഒരുങ്ങുന്നത് 80 കുടുംബങ്ങൾക്കുള്ള ഭവനങ്ങൾ.

 

സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായി രണ്ടു ഭവന സമുച്ചയങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾക്കു തിരുവനന്തപുരം ജില്ലയിൽ തുടക്കമായി. അഴൂർ പഞ്ചായത്ത്, മടവൂർ പഞ്ചായത്തിലെ സീമന്തപുരം എന്നിവിടങ്ങളിലാണു ഭവന സമുച്ചയങ്ങൾ ഒരുങ്ങുന്നത്. നിർമാണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. 80 പേരുടെ വീട് എന്ന സ്വപ്നമാണ് ഈ ഭവന സമുച്ചയങ്ങൾ പൂർത്തിയാകുന്നതോടെ പൂവണിയുന്നത്.

വീടില്ലാത്തവർക്കു വാസസ്ഥലം ഒരുക്കി മികച്ച ജീവിത സാഹചര്യം ഒരുക്കാനാണു ലൈഫ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യംവയ്ക്കുന്നതെന്നു നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കംകുറിച്ചു മുഖ്യമന്ത്രി പറഞ്ഞു. ആരോപണങ്ങളെ ഭയന്നു വികസന പദ്ധതികൾ സർക്കാർ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലേതിനു പുറമേ മറ്റു ജില്ലകളിലെ 27 ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിർമാണോദ്ഘാടനവും മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിച്ച സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ ലൈഫ് മിഷൻ സി.ഇ.ഒ. യു.വി. ജോസും പങ്കെടുത്തു.

44 കുടംബങ്ങൾക്കായാണ് അഴൂരിൽ ഫ്‌ളാറ്റ് സമുച്ചയം ഒരുങ്ങുന്നത്. 6.72 കോടി രൂപ ചെലവിൽ നിർമിക്കുന്ന പദ്ധതിക്കായി ഗാന്ധി സ്മാരകത്തിലെ ഒരേക്കർ ഭൂമിയാണു കണ്ടെത്തിയത്. രണ്ടു മുറി, ഒരു ഹാൾ അടുക്കള ശുചിമുറി എന്നിവ അടങ്ങിയതാണു ഫ്‌ളാറ്റ്. അഴൂരിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. പദ്ധതിയിൽപ്പെടുത്തി കൂടുതൽ ഗുണഭോക്താക്കൾക്കു വീട് നിർമിച്ച് നൽകുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കുമെന്നു ശിലാസ്ഥാപനം നിർവഹിച്ച് അദ്ദേഹം പറഞ്ഞു.

മടവൂർ സീമന്തപുരത്തെ ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം വി. ജോയി എം.എൽ.എ നിർവഹിച്ചു. 5.50 കോടി ചെവലവിൽ സീമന്തപുരത്ത് റവന്യൂ വകുപ്പ് കൈമാറിയ 1.20 ഏക്കൽ സ്ഥലത്താണു സമുച്ചയം വരുന്നത്. നിർമാണം ആരംഭിക്കുന്ന ഭവന സമുച്ചയത്തിനു പുറമേ ഇതേ ഭൂമിയിൽത്തന്നെ ഒരു ഫ്‌ളാറ്റ് സമുച്ചയം കൂടി നിർമിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മുഖ്യ പ്രഭാഷണം നടത്തി. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ശിലാസ്ഥാപന ചടങ്ങിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.