മേരി ഹിന്ദി, തേരി ഹിന്ദി, ഹമാരി ഹിന്ദി മീഠി ഹിന്ദി കേ സാഥ് : കിളിമാനൂരിൽ ഹിന്ദി അധ്യാപകരെ ആദരിച്ചു

കിളിമാനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കേരളത്തിലെ പ്രൈമറി അധ്യാപകരുടെ അക്കാഡമിക്കൂട്ടായ്മായായ സ്ലേറ്റും പെൻസിലും ദേശീയ ഹിന്ദിദിനത്തിൽ കിളിമാനൂർ ഉപജില്ലയിലെ മുതിർന്ന പ്രൈമറി വിഭാഗം ഹിന്ദി അധ്യാപകരായ രാജേന്ദ്ര കുറുപ്പ് , വി.ടി രാജീവ്, പ്രസാദ് എന്നിവരെ ആദരിച്ചു. കോവിഡ് ജാഗ്രതയിൽ പൊതുപരിപാടികൾ സംഘടിപ്പിക്കാൻ കഴിയാത്തതിനാൽ അധ്യാപകരുടെ വീട്ടിൽ എത്തിയാണ് ആദരിച്ചത് .1949 സെപ്തംബർ 14 ന് ആണ് ഹിന്ദി ഭാഷ ഔദ്യോഗിക ഭാഷയായും ദേവനാഗിരിയെ ഔദ്യോഗിക ലിപിയായും ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ചത്. ഹിന്ദിഭാഷാ വിദഗ്ദ്ധനായിരുന്ന ബിയോഹർ രാജേന്ദ്ര സിൻഹയുടെ ജന്മദിനം കൂടിയായ സെപ്തംബർ 14 ന്റെ പ്രാധന്യം കുട്ടികളിലും സമൂഹത്തിലും എത്തിക്കുന്നതിനായി സംസ്ഥാനത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറുകണക്കിന് അധ്യാപകരാണ് ഓൺലൈനിൽ എത്തി സന്ദേശം നൽകിയത് .സംസ്ഥാനത്തെ വിവിധ സ്കൂളുകളിലെ പ്രതിഭകൾക്ക് ഹിന്ദിഭാഷയുമായി ബന്ധപ്പെട്ട സർഗാത്മകപ്രവർത്തനങ്ങൾ ഓൺലൈനായി അവതരിപ്പിക്കാൻ “മീഠി ഹിന്ദി” എന്ന പേരിൽ ഓൺലൈൻ പ്ലാറ്റ്‌ഫോം ദിനാചരണത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു.