വാഹന പരിശോധനയ്ക്കിടെ കഠിനംകുളം എസ്‌ഐയെ ബൈക്കിടിച്ച് വീഴ്ത്തി രണ്ടുപേർ രക്ഷപ്പെട്ടു

കഠിനംകുളം : വാഹന പരിശോധന നടത്തുന്നതിനിടെ കഠിനംകുളം എസ് ഐ രതീഷ് കുമാറിനാണ് ബൈക്കിടിച്ച് ഗുരുതര പരുക്കേറ്റത്.ഇന്ന് വൈകുന്നേരം 7 മണിയോടെ ചാന്നാങ്കര ജംഗ്ഷനിൽ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തെ കണ്ട് ബൈക്കിലെത്തിയ രണ്ടുപേർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എസ്.ഐയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയേറ്റ എസ് ഐ റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു.

തലയ്ക്ക് പരിക്കേറ്റ എസ് ഐ രതീഷ് കുമാറിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ബൈക്കിലെത്തിയവർ കടന്ന് കളഞ്ഞു. പ്രതികളെ പിടികൂടാനായി ഊർജ്ജിത ശ്രമം നടക്കുന്നതായും ഇതിനായി സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണെന്നും കഠിനംകുളം പോലീസ് അറിയിച്ചു