കേരളത്തിലെ ഏറ്റവും വലിയ കോവിഡ് ചികിത്സാ കേന്ദ്രം ഇതാണ്, വീഡിയോ കാണാം

കേരളത്തിലെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ (സി എഫ് എല്‍ ടി സി) നാട്ടികയിലെ എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള എമ്മെയ് പ്രൊജക്റ്റ് കെട്ടിടത്തില്‍ പ്രവര്‍ത്തന സജ്ജമായി. 1400 രോഗികളെ കിടത്തി ചികില്‍സിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 32 ദിവസങ്ങള്‍ കൊണ്ട് 8500 പേരുടെ പ്രയത്‌നത്തിന്റെ ഫലമായി രണ്ടു കോടിയില്‍ പരം രൂപ ചെലവിട്ട് നിര്‍മിച്ച കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയത് ലുലു ഗ്രൂപ്പാണ്. നാട്ടികയില്‍ ദേശീയപാത 66 നോട് ചേര്‍ന്ന് 15 ഏക്കര്‍ സ്ഥലത്ത് പഴയ ട്രൈക്കോട്ട് കോട്ടണ്‍മില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് 2 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ ലുലു സി എഫ് എല്‍ ടി സിയായി മാറിയിരിക്കുന്നത്. ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ലുലു ഗ്രൂപ്പ് സ്ഥാപനങ്ങളിലേക്ക് മലയാളികളെ എം എ യൂസഫലി നേരിട്ട് റിക്രൂട്ട് ചെയ്യുന്ന കെട്ടിടമാണിത്.

ലക്ഷക്കണക്കിന് യുവാക്കളുടെ ജീവിതം വഴിതിരിച്ചു വിട്ട അതേ സ്ഥലം ഇനിയങ്ങോട്ട് കോവിഡ് ബാധിതര്‍ക്കുള്ള ആശ്വാസകേന്ദ്രമാകുകയാണ്.
1400 രോഗികളെ കിടത്തി ചികിത്സിക്കാനാവശ്യമായ കിടക്കകള്‍, രോഗീപരിചരണത്തിനുള്ള അതിനൂതന സംവിധാനങ്ങളായ ഇ റോബോട്ടുകള്‍, വിദഗ്ധ ചികിത്സക്കായി ടെലി മെഡിസിന്‍ സംവിധാനങ്ങളായ ഇ-സഞ്ജീവനി, ഭക്ഷണ വിതരണത്തിനുള്ള ഇ-ബൈക്കുകള്‍, ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്‌മെന്റായ ഇമേജ് സംവിധാനം, ബയോകമ്പോസ്റ്റ് സംവിധാനം തുടങ്ങിയവ ഇവിടെ ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്.

ഇത്രയധികം രോഗികളെ കിടത്തിച്ചികിത്സിക്കുന്നതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലുലു ഗ്രൂപ്പാണ് ഒരുക്കിയിരിക്കുന്നത്. ഒരേസമയം 250 ഓളം പേര്‍ക്ക് ഉപയോഗിക്കാവുന്ന ശൗചാലയ സംവിധാനം. 200 ഓളം സ്റ്റാഫിന് ഉപയോഗിക്കാവുന്ന ഓഫീസ്, 2500 ചതുരശ്ര അടി വിസ്തൃതിയുള്ള റിക്രിയേഷന്‍ ഏരിയ, 1500 ഓളം പേര്‍ക്ക് ഭക്ഷണം സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള സംവിധാനം ഫ്ളഡ്ലൈറ്റ് സംവിധാനം, വേസ്റ്റ് വാട്ടര്‍ മാനേജ്‌മെന്റിനായി ആറ് പ്രത്യേക വാട്ടര്‍ പിറ്റുകള്‍, ക്ലീനിംഗിനായി രണ്ട് ഫ്‌ളോര്‍മോപ്പിംഗ് മെഷീനുകള്‍, നാല് വാക്വം ക്ലീനറുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ലുലു ഗ്രൂപ്പ് സജ്ജമാക്കിയിട്ടുണ്ട്.
കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതു മുതല്‍ കേരളത്തിനകത്തും പുറത്തുമുള്ള മലയാളികള്‍ക്ക് കൈത്താങ്ങായി എം എ യൂസഫലിയും ലുലു ഗ്രൂപ്പുമുണ്ട്.

എല്ലാ ആധുനികമായ സൗകര്യങ്ങൾ  ഏർപ്പെടുത്തു കൊണ്ടുള്ള ചികിത്സാകേന്ദ്രം ഒരുക്കുവാൻ സാധിച്ചതിൽ ഒരു നാട്ടികക്കാരനെന്ന നിലയിൽ  എനിക്ക് വളരെ അഭിമാനമുണ്ട്. ഭാവിയിലും ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും മുൻ പന്തിയിൽ തന്നെ ഉണ്ടാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു