കിളിമാനൂർ പോങ്ങനാട് സ്വദേശിയുടെ മൃതദേഹം കോവിഡ് പ്രോട്ടോകാൾ പ്രകാരം സംസ്കരിച്ചു.

കിളിമാനൂർ : കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ച കിളിമാനൂർ, പോങ്ങനാട്, പഴയചന്ത സ്വദേശി രാജൻബാബുവിൻ്റെ (സൊസൈറ്റി ബാബു) ഭൗതിക ശരീരം കോവിഡ് പ്രോട്ടോകാൾ പ്രകാരം കാനാറയിലെ സമത്വതീരം വൈദ്യുതി ശ്മശാനത്തിൽ ഇന്ന് രാവിലെ 11.30 ന് സംസ്കരിച്ചു. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാജലക്ഷ്മി അമ്മാളുമായി എംഎൽഎ അഡ്വ ബി സത്യൻ ആശയവിനിമയം നടത്തുകയും തുടർന്ന് ബന്ധുക്കളുമായി ആലോചിച്ച് സമത്വതീരം ശ്മശാനത്തിൽ സംസ്കരിക്കാൻ തീരുമാനിക്കുകയുമായിരുന്നു. കിളിമാനൂർ ഡിവൈഎഫ്ഐ പ്രവർത്തകരാണ് ഭൗതിക ശരീരം സംസ്കരിക്കുന്നതിന് വീണ്ടും സന്നദ്ധരായി മുന്നോട്ട് വന്നത്.

ഡിവൈഎഫ്ഐ കിളിമാനൂർ ബ്ലോക്ക് സെക്രട്ടറി ജിനേഷ്, ട്രഷറർ രജിത്ത് നഗരൂർ, പാപ്പാല യൂണിറ്റംഗം ഷംസീർ എന്നിവർ പി പി കിറ്റണിഞ്ഞ് സ്വകാര്യ ആശുപത്രിയിൽ നിന്നും രാജൻ ബാബുവിൻ്റെ മകൻ അരുൺബാബു, ബന്ധുക്കൾ, ഹെൽത്ത് ഇൻസ്പെക്ടർ നോബിൾ, ഡിവൈഎഫ്ഐ കിളിമാനൂർ ബ്ലോക്ക് വൈസ് പ്രസിഡൻറ് ഫത്തകുദ്ദീൻ എന്നിവരോടൊപ്പം ഭൗതികശരീരം കോവിഡ് പ്രോട്ടോകോൾ പ്രകാരം കാനാറയിലെ ശ്മശാനത്തിൽ കൊണ്ടുവന്ന്‌ സംസ്കരിച്ചത്. നേരത്തേ പാപ്പാലയിൽ കോവിഡ് ബാധിച്ചു മരിച്ച വിജയകുമാറിൻ്റെ ഭൗതിക ശരീരം സംസ്കരിയ്ക്കാൻ മുന്നോട്ട് വന്ന് ഇവർ സമൂഹത്തിന് മാതൃകയായി.

പ്രദേശത്ത് രോഗ വ്യാപന പ്രതിരോധത്തിന് വേണ്ടുന്ന എല്ലാ ക്രമീകരണങ്ങളും പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് പൂർത്തിയാക്കിയിട്ടുണ്ടെന്നു എംഎൽഎ അഡ്വ ബി സത്യൻ പറഞ്ഞു. ആരും ആശങ്കപ്പെടേണ്ടതില്ല. അധികൃതർ നൽകുന്ന എല്ലാ സുരക്ഷാമാർഗ്ഗ നിർദ്ദേശങ്ങളും കർശനമായി പാലിക്കുക. ഈ ഓണക്കാലത്ത് സമ്പർക്ക വ്യാപന സാദ്ധ്യത കൂടുതലായതിനാൽ അതീവ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും എംഎൽഎ ഓർമിപ്പിച്ചു.