കെഎസ്ആർടിസിയുടെ ബസ്സ് ഓൺ ഡിമാൻഡ് സർവീസിന് കല്ലറയിൽ തുടക്കം

കല്ലറ : കെഎസ്ആർടിസി വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നുള്ള ആദ്യ ബസ്സ് ഓൺ ഡിമാൻഡ് ( ബോണ്ട് ) സർവീസിന് കല്ലറയിൽ തുടക്കമായി. രാവിലെ 8.30 ന് കല്ലറയിൽ നിന്നും ആരംഭിച്ച സർവീസ് ഡി.കെ മുരളി എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.

ബൈക്ക് യാത്രികരെ ബസ്സിലേയ്ക്ക് ആകർഷിക്കാൻ കെ.എസ്.ആർ.ടി.സി ആരംഭിച്ച പദ്ധതിയാണ് ബോണ്ട് സർവീസ്. പരീക്ഷണാടിസ്ഥാനത്തിൽ രാവിലെ 8.30ന് കല്ലറയിൽ നിന്നും തിരുവനന്തപുരത്തെ സർക്കാർ ഓഫീസുകളിലേക്കും വൈകിട്ട് 5.15 ന് തിരിച്ച് കല്ലറയിലേയ്ക്കുമാണ് സർവീസ് നടത്തുന്നത്. പദ്ധതി വിജയമായാൽ കൂടുതൽ പ്രത്യേക സർവ്വീസുകൾ തുടങ്ങാനാണ് കെഎസ്ആർടിസി അധികൃതരുടെ തീരുമാനം. സെക്രട്ടറിയേറ്റ് , പബ്ലിക്ക് ഓഫിസ് , എസ്എറ്റി ആശുപത്രി , ആർസിസി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ജീവനക്കാരെ ലക്ഷ്യമിട്ടാണ് ബസ്സ് ഓൺ ഡിമാൻഡ് പദ്ധതി കെഎസ്ആർടിസി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി യാത്രക്കാരുടെ ഇരുചക്രവാഹനങ്ങൾ ബസ്സ് സ്റ്റാൻഡിൽ സൂക്ഷിക്കാൻ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കല്ലറയിൽ നടന്ന ചടങ്ങിൽ കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.ശിവദാസൻ , ജില്ലാ പഞ്ചായത്ത് അംഗം എസ്.എം റാസി , വാർഡ് അംഗം ദീപാ ഭാസ്കർ , അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ ബി.എസ് . ഷിജു തുടങ്ങിയവർ പങ്കെടുത്തു.