ഒരു മിനിറ്റിൽ 165 അക്ഷരം തിരിച്ചെഴുതി, വർക്കല സ്വദേശിനി ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടി

വർക്കല: ഒരു മിനിറ്റിട്ടുകൊണ്ട് മിറർ റൈറ്റിംഗ് (തിരിച്ചെഴുത്ത്) നടത്തിയ വർക്കല സ്വദേശിനി ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടി. വർക്കല വാച്ചർ മുക്ക് അരവിന്ദത്തിൽ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ രമേശ് ചന്ദ്ര ബാബുവിന്റെയും അമ്പിളി കൃഷ്ണയുടെയും (ഹോമിയോപ്പതി) മകൾ ദേവിനന്ദനയ്ക്കാണ് (16) ഈ അംഗീകാരം.

ഇംഗ്ലീഷിലുള്ള ഇന്ത്യൻ പ്രതിജ്ഞയിലെ 165 അക്ഷരങ്ങൾ ഒരു മിനിറ്റിൽ തിരിച്ചെഴുതിയാണ് ദേവിനന്ദന റെക്കാഡിട്ടത്. മിറർ റൈറ്റിംഗിനെക്കുറിച്ച് ആറാം ക്ലാസിൽ അദ്ധ്യാപിക പഠിപ്പിച്ചപ്പോഴാണ് എഴുതി നോക്കിയത്. തുടർന്ന് ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പരിശീലനം നടത്തി.ലോക്ക്ഡൗൺ സമയത്ത് കൂടുതൽ പരിശീലനം നടത്തി. തുടർന്ന് അതിന്റെ വീഡിയോ ഇന്ത്യ ബുക്സ് ഒഫ് റെക്കാഡിനയച്ചു. 140 അക്ഷരങ്ങൾ എഴുതിയതാണ് നിലവിലെ ദേശീയ റെക്കാഡ്. ഇടവ ജവഹർ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ദേവിനന്ദന സംഗീതം, ചിത്രരചന, കൈയെഴുത്ത് മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.