നഗരൂരിൽ 12 വയസ്സുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു, ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു

നഗരൂർ : നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കോയിക്കമൂലയിൽ 12 വയസ്സുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു. നഗരൂർ പോലീസ് രക്ഷപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടു.

ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. ഈ സമയമാണ് കുട്ടി അടുക്കളയിലെ ഹൂക്കിൽ തൂങ്ങി നിന്നത്. ജനലിൽ കൂടി ഇത് കണ്ട നാട്ടുകാർ ഓടിക്കൂടി പോലീസിനെ വിവരം അറിയിച്ചു. നഗരൂർ പോലീസ് സ്ഥലത്തെത്തി കുട്ടിയെ എടുത്ത് കേശവപുരം ആശുപത്രിയിൽ കൊണ്ടുപോയി. വളരെ ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആശുപത്രിയിൽ നിന്ന് പറഞ്ഞു. എന്നാൽ ആംബുലൻസ് ഒന്നും ലഭ്യമാകാതിരുന്നതിനെ തുടർന്ന് പോലീസ് ജീപ്പിൽ തന്നെ ഓക്സിജനും മറ്റു സന്നാഹങ്ങളും ഒരുക്കി ഒരു നഴ്സിനെയും കൂട്ടി പോലീസ് വാഹനം ആംബുലൻസ് ആക്കി അതിവേഗം മെഡിക്കൽ കോളേജിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു. പോലീസ് എത്തുമ്പോൾ കുട്ടിക്ക് ചെറിയ അനക്കം ഉണ്ടായിരുന്നത് പോലെ തോന്നിയത് കൊണ്ടാണ് പോലീസ് മറ്റൊന്നും ചിന്തിക്കാതെ ഒരു കുഞ്ഞു ജീവൻ രക്ഷിക്കാൻ സമയം നഷ്ടപ്പെടുത്താതെ ഓടിയത്.

അച്ഛനും അമ്മയ്ക്കുമുള്ള ഒറ്റ മകനാണ് മരണപ്പെട്ടത്. ആത്മഹത്യാ കാരണം വ്യക്തമല്ല.