നാവായിക്കുളം ഗ്രാമപഞ്ചായത്തിന് ഐഎസ്ഒ സർട്ടിഫിക്കേഷൻ

നാവായിക്കുളം ഗ്രാമപഞ്ചായത്ത് പൊതുജനങ്ങൾക്ക് ഏറ്റവും ഗുണമേന്മയുള്ള സേവനങ്ങൾ നൽകിക്കൊണ്ട് സദ്ഭരണ പഞ്ചായത്ത്‌ പദവി നേടി ഇന്ന് ഐഎസ്ഒ പ്രഖ്യാപനം നടത്തി. നവീകരിച്ച ഗ്രാമ പഞ്ചായത്ത്‌ ഓഫീസിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു.

അഡ്വ വി ജോയി എം എൽ എ അധ്യക്ഷനായ ചടങ്ങിൽ പ്രസിഡന്റ്‌ കെ തമ്പി സ്വാഗതം പറഞ്ഞു. അടൂർ പ്രകാശ് എം പി ക്ക് മുൻകൂട്ടി അറിയിച്ച പ്രകാരം ഓൺലൈനിൽ എത്തുന്നതിന് കഴിയാതിരുന്ന സാഹചര്യത്തിൽ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ ഇ റിഹാസ് ഐ എസ് ഒ പ്രഖ്യാപനം നിർവഹിച്ചു.

കൊല്ലം എം പി അഡ്വ എൻ കെ പ്രേമചന്ദ്രൻ “ഷെരീഫ് സാർ സ്മാരക ഹാളിന്റെ ” നാമകരണം നിർവഹിച്ചു.
എൽ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനീയർ ജിജി റിപ്പോർട്ട്‌ അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ്‌ സൂര്യത്ത് ബീവി, സ്ഥിരംസമിതി ചെയർമാൻമാരായ മണിലാൽ, ബിനു, കുടവൂർ നിസാം, ആസൂത്രണസമിതി വൈസ് ചെയർമാൻ അഡ്വ എം എം താഹ, ഗോപാലകൃഷ്ണൻ നായർ, പുലിയൂർ ചന്ദ്രൻ, ആലുംമൂട്ടിൽ അലിയാരുകുഞ്ഞ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി ബൽജിത്ത് ജീവൻ നന്ദി പറഞ്ഞു.

പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമ മാക്കുന്നതിനും നൽകുന്ന സേവനങ്ങളുടെ ഗുണമേന്മയും സമയ കൃത്യതയും ഉറപ്പു വരുത്തുന്നതിൽ വിജയം കൈവരിച്ച തോടൊപ്പം സമസ്ത മേഖലകളിലും വികസനോൻമുഖവും ജനക്ഷേമകരവുമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാനും കഴിഞ്ഞതിൽ പ്രതിപക്ഷനേതാവ് പഞ്ചായത്ത്‌ ഭരണ സമിതിയെ അഭിനന്ദിച്ചു.

സുഭിക്ഷകേരളം പദ്ധതിയിൽ തരിശ്ശു ഭൂമി നെൽകൃഷിയിൽ ജില്ലയിൽ ഏറ്റവും മികച്ച സ്ഥാനത്ത് എത്താൻ നാവായിക്കുളം പഞ്ചായത്തിന് കഴിഞ്ഞുവെന്ന് അഡ്വ വി ജോയി എം എൽ എ അഭിപ്രായപ്പെട്ടു.

അസൂയാവഹമായ നേട്ടമാണ് നാവായിക്കുളം പഞ്ചായത്ത് കൈവരിച്ചിട്ടുള്ളതെന്ന്
അഡ്വ എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു.
ജനപ്രതിനിധികളിൽ ഏറ്റവും താഴെതട്ടിൽ പ്രവർത്തിക്കുകയും എപ്പോഴും എല്ലാ കാര്യങ്ങൾക്കും ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുകയും എല്ലാ കാര്യങ്ങൾക്കും പഴികേൾക്കേണ്ടി വരുന്നതും പഞ്ചായത്ത്‌ അംഗങ്ങൾക്ക് ആണെന്നും എന്നാൽ ജനപ്രതിനിധികളിൽ പെൻഷൻ ഇല്ലാത്ത ഒരേ ഒരു വിഭാഗം പഞ്ചായത്ത്‌ അംഗങ്ങൾ ആണെന്നും ഈ സ്ഥിതി മാറേണ്ടതാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി കൂട്ടിച്ചേർത്തു.

കക്ഷി രാഷ്ട്രീയ താല്പര്യങ്ങൾക്ക് അപ്പുറം മുഴുവൻ വാർഡ്‌ മെമ്പർമാരെയും സമന്വയിപ്പിച്ച് പ്രാദേശിക വികസനവും ക്ഷേമ പദ്ധതികളും നടപ്പിലാക്കാൻ കഴിഞ്ഞതാണ് ഈ നേട്ടങ്ങൾക്ക് നിദാനം എന്ന് പ്രസിഡന്റ്‌ കെ തമ്പി അഭിപ്രായപ്പെട്ടു.