നഗരസഭയിലെ സെക്രട്ടറിമാമനെ സ്ഥലം മാറ്റരുതെന്ന് 7ആം ക്ലാസുകാരി മുഖ്യമന്ത്രിക്ക് പരാതി നൽകി..

നെടുമങ്ങാട് : അങ്ങയുടെ ലൈഫ് ഭവനം എന്നിലേക്ക് എത്തിച്ച സെക്രട്ടറിമാമനെ സ്ഥലം മാറ്റരുതേ……….

അകാലത്തിൽ മാതാപിതാക്കന്മാർ നഷ്ടമായ ഏഴാം ക്ലാസ്സുകാരി ഐശ്വര്യക്കും സഹോദരനും അവരുടെ മാതാവിന്റെ സ്വപ്നമായിരുന്ന ഭവനം ലൈഫ് പദ്ധതിയുടെ ഭാഗമായി യാഥാർത്ഥ്യമാക്കാൻ മുന്നിൽ നിന്ന് പരിശ്രമിച്ച നഗരസഭ സെക്രട്ടറിയെ സ്ഥലം മാറ്റരുതേ എന്ന കുരുന്നൈശ്വര്യയുടെ അപേക്ഷ നാടിന്റെ നായകൻ അനുതാപപൂർവ്വം സ്വീകരിച്ച് നടപടികൾക്കായി മുന്നോട്ട് വച്ചിരിക്കുന്നത് തലസ്ഥാനത്ത് നിന്നുമുള്ള ഹൃദയസ്പർശിയായ വാർത്തയാകുന്നു ഇന്ന്.

2018 ലാണ് ചെറുപ്പത്തിൽ തന്നെ പിതാവ് ഉപേക്ഷിച്ചുപോയ ഐശ്വര്യയുടെ മാതാവ് മരണമടയുന്നത് പറക്കമുറ്റാത്ത രണ്ട് പിഞ്ചുകളെ അസുഖബാധിതരായ മുത്തശ്ശിമുത്തച്ഛൻമാർക്കൊപ്പം വിട്ടുകൊണ്ട്. അന്ന്, കേരളസർക്കാരിന്റെ അഭിമാനപദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായി ലഭിച്ച സാമ്പത്തികസഹായത്താൽ നിർമ്മാണം തുടങ്ങിവച്ച വീട്, പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥയിൽ പതിച്ചേക്കുമോ എന്ന ആശങ്കയിൽ കഴിഞ്ഞ കുട്ടികളുടെ അവസ്ഥയെ കുറിച്ച് കേട്ടറിഞ്ഞായിരുന്നു നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവനും സെക്രട്ടറി സ്റ്റാലിൻ നാരായണനും അവർക്ക് താങ്ങായെത്തിയത്.

പിന്നീട് കാലത്തെയും നെടുമങ്ങാട് നഗരസമൂഹത്തെയും സാക്ഷി നിർത്തിക്കൊണ്ട് മിന്നൽ വേഗത്തിലായിരുന്നു കുട്ടികളുടെ സ്വപ്നഭവനത്തിന്റെ പൂർത്തീകരണം. ഭവനനിർമ്മാണ പാതയിൽ ഒരുദിനം എന്തോ സാങ്കേതികകാരണത്താൽ പെയിന്റിംഗ് ഒരു ദിനം മുടങ്ങുമോയെന്ന പ്രശ്നമുയർന്നപ്പോൾ പെയിന്റും ബ്രഷും കൈകളിലെന്തി ആ ദിവസത്തെ പണി സ്വയം നിർവഹിച്ച സെക്രട്ടറി സ്റ്റാലിൻ നാരായണൻ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ഇന്ന്  മുഖ്യമന്ത്രി പിണറായി വിജയനോടുള്ള, സെക്രട്ടറിമാമനെ സ്ഥലം മാറ്റരുതേയെന്നുള്ള
ഐശ്വര്യയുടെ പ്രാർത്ഥനയിൽ കാരണമായി കുറിച്ചിരിക്കുന്ന, “എന്നേപ്പോലെ അനേകം പാവപ്പെട്ട കുട്ടികൾക്ക് ഈ മാമൻ ഉണ്ടായാൽ വലിയ സഹായമാവും.. ” എന്ന ആർദ്രമായ സൂചനയും ഏറെ പൊതുജനശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.