കോവിഡ് ചികിത്സയിലായിരുന്ന കിളിമാനൂർ സ്വദേശി മരിച്ചു

കിളിമാനൂർ : കോവിഡ് ബാധിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ മലക്കൽ ഈഞ്ചക്കുഴിയിൽ ഷിബിനാ മൻസിലിൽ സെയ്നുദ്ദീൻ (58) ഇന്നലെ രാത്രി 9.10ന് മരിച്ചു. ഇദ്ദേഹം വൃക്കരോഗിയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസ് ചെയ്യുന്നതിനായി നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

പ്രദേശത്ത് സമ്പർക്കം മൂലമുള്ള രോഗികളുടെ എണ്ണം വർദ്ധിക്കുന്നതായി കാണുന്നുണ്ട്. അധികൃതർ നിരന്തരം ആവശ്യപ്പെട്ടിട്ടും ആരും ജാഗ്രത പാലിക്കുന്നില്ല എന്ന വിമർശനം ഗൗരവമായി എടുക്കേണ്ടതുണ്ടെന്നു അഡ്വ ബി സത്യൻ എംഎൽഎ പറഞ്ഞു.

അനാവശ്യമായി പുറത്തിറങ്ങുക, ഒരു ദിവസം ഒന്നിൽ കൂടുതൽ പ്രാവശ്യം കടകളിലും, മറ്റ് സ്ഥാപനങ്ങളിലും ഒരോ അവശ്യങ്ങൾക്കായി കയറി ഇറങ്ങുക, കൂടുതൽ യാത്ര ചെയ്യുക തുടങ്ങി പഴയ ശീലത്തിലേയ്ക്ക് ആളുകൾ പോകുകയാണ്. ഓണവുമായി ബന്ധപ്പെട്ട് നൽകിയ ഉദാരമായ ഇളവുകൾ ഇപ്പോഴും അതേപടി തുടരുകയാണ്.

അധികൃതർ നൽകുന്ന രോഗ പ്രതിരോധ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എംഎൽഎ ഓർമിപ്പിച്ചു. ഇന്നലെ മുതൽ പെയ്യുന്ന കനത്ത മഴയുടെ സാഹചര്യം നിലനില്ക്കുന്നതിനാൽ രോഗവ്യാപനം വർദ്ധിക്കാൻ സാദ്ധ്യതയേറെയാണ്. അതു കൊണ്ട് തന്നെ എല്ലാവരും കർശനമായും ജാഗ്രത പാലിക്കണമെന്നും എംഎൽഎ അറിയിച്ചു