
സ്വന്തമായി ഒരു വാഹനമോ വിശ്രമമുറിയോ ഇല്ലാതിരുന്ന ദുരിതകാലത്തെ വിസ്മൃതിയിലാക്കി പൊന്മുടി പോലീസിന് ആധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില മന്ദിരമുയർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു.സഞ്ചാരികളുടെ പറുദീസയായ പൊന്മുടിയെ വികസനത്തിലേയ്ക്ക് ഉയർത്തുകയാണ് സർക്കാർ.
ഒരുകോടി നാൽപ്പത് ലക്ഷം രൂപ വിനിയോഗിച്ചാണ് സ്റ്റേഷൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. പൊലീസുകാരുടേയും നാട്ടുകാരുടേയും എല്ലാ പരിഭവങ്ങൾക്കും ഇതോടെ അറുതിയാകും. ടൂറിസം കേന്ദ്രത്തിലെത്തുന്ന വിദേശീയരും തദ്ദേശീയരുമായ സഞ്ചാരികൾക്ക് മതിയായ സുരക്ഷിതത്വമില്ലെന്ന പരാതികൾക്കും പരിഹാരമാകുകയാണ്. ടൂറിസം വകുപ്പിന് കീഴിലുള്ള രണ്ട് കുടുസ്സുമുറികളിലായിരുന്നു ഇതുവരെ സ്റ്റേഷൻ്റെ പ്രവർത്തനം. സ്വന്തമായൊരു മന്ദിരം എന്ന വർഷങ്ങളായുള്ള ആവശ്യം നൂലാമാലകളിൽ കുരുങ്ങിക്കിടന്നെങ്കിലും ഡി കെ മുരളി എംഎൽഎയുടെ നിതാന്ത ഇടപെടൽ ഇതിനെ സജീവമാക്കി. വനം വകുപ്പിൽനിന്ന് സ്ഥലം ലഭ്യമാകുക എന്ന കടമ്പ പ്രയാസകരമായിരുന്നു. ആ വൈതരണികളെ മറികടന്നാണ് പോലീസ് സ്റ്റേഷൻ യാഥാർഥ്യമായത്.
ഹാബിറ്റാറ്റിനായിരുന്നു മന്ദിരത്തിന്റെ നിർമാണച്ചുമതല. 5250 ചതുരശ്രയടിയിലാണ് മൂന്നുനില കെട്ടിടം നിർമിച്ചത്. ഉദ്ഘാടന ചടങ്ങിൽ ഡി കെ മുരളി എംഎൽഎ അധ്യക്ഷനായി. ഡിജിപി ലോക്നാഥ് ബെഹ്റ, അഡീഷണൽ എസ്പി, ഡിഐജി സഞ്ജീവ്കുമാർ ഐപിഎസ്, എഎസ്പി ബിജുമോൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ചന്ദ്രൻ, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡൻ്റ് പി ചിത്രകുമാരി, വൈസ് പ്രസിഡൻ്റ് കെ ജെ കുഞ്ഞുമോൻ, വാർഡ് അംഗം എ ആർ ജിഷ തുടങ്ങിയവർ പങ്കെടുത്തു.