തൊട്ടിക്കലിൽ കുളത്തിൽ വീണ് മരിച്ചയാൾക്ക് കോവിഡ് പോസിറ്റീവാണെന്ന് റിപ്പോർട്ട്‌, പോലീസും നാട്ടുകാരും ആശങ്കയിൽ…

ചിറയിൻകീഴ് : ശനിയാഴ്ച വൈകുന്നേരം ആലംകോട് തൊട്ടിക്കല്ലിൽ കുളത്തിൽ വീണ് മരിച്ചയാളുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് റിപ്പോർട്ട്‌.മണമ്പൂർ 8ആം വാർഡിൽ തൊട്ടിക്കല്ല് ലക്ഷംവീട് കോളനിയിലെ സലിം(48) ആണ് മരിച്ചത്. കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സലീമിനെ കാണാതിരുന്നതിനെ തുടർന്ന് നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയും ഫയർ ഫോഴ്സ് എത്തി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കോവിഡ് പരിശോധനയ്ക്ക് സ്രവം അയച്ചു. ഇന്ന് രാവിലെ കോവിഡ് നെഗറ്റീവ് ആണെന്ന് അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കടയ്ക്കാവൂർ പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയും വാർഡ് മെമ്പർ ഉൾപ്പെടെ ബന്ധുക്കളും നാട്ടുകാരുമെത്തി മൃതദേഹം കാണുകയും ചെയ്തു. എന്നാൽ പോസ്റ്റ്മോർട്ടം നടത്താൻ ഡോക്ടർ മണിക്കൂറോളം വൈകിയപ്പോൾ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ അറിയുന്നു ഈ മൃതദേഹത്തിന്റെ കോവിഡ് ഫലം പോസിറ്റീവ് ആണെന്ന്. അതോടെ എല്ലാവരും ആകെ ആശങ്കയിലായി. മൃതദേഹത്തിനെ മാറ്റി വെച്ച് എല്ലാവരും ആകെ ഭീതിയിലായി. ഫയർഫോഴ്‌സും പോലീസും ആശുപത്രിയിലെ ജീവനക്കാരും വാർഡ് മെമ്പറും നാട്ടുകാരും ബന്ധുക്കളുമെല്ലാം കോറന്റൈനിൽ പോകേണ്ട അവസ്ഥയാണെന്നാണ് റിപ്പോർട്ട്‌.