വര്‍ക്കലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്തു

വര്‍ക്കലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വാങ്ങിനല്‍കിയ പത്തു ലക്ഷം രൂപയുടെകോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം വി ജോയ് എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ യുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് ഇവ വാങ്ങി നല്‍കിയത്. തെര്‍മല്‍ സ്‌കാനര്‍, ഫെയിസ് ഷീല്‍ഡ്, എന്‍ 95 മാസ്‌ക്, പി.പി.ഇ. കിറ്റുകള്‍, സ്തെതസ്‌കോപ്പ്, ഗ്ലൗസുകള്‍, ഫെയിസ് മാസ്‌കുകള്‍, ഹാന്‍ഡ് സാനറ്റൈസര്‍, ബി.പി. അപ്പാരറ്റസ്, അണുനശീകരണ ഉപകരണം, വെര്‍ട്ടിക്കല്‍ ആട്ടോക്ലേവ്, തുടങ്ങിയവയാണ് വിതരണം ചെയ്തത്. വര്‍ക്കല താലൂക്ക് ആശുപത്രി, ഏഴു കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ആയൂര്‍വേദ, ഹോമിയോ, പ്രകൃതി ആശുപത്രി എന്നിവിടങ്ങളിലെ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. വര്‍ക്കല ബ്ലോക്ക് പ്രസിഡന്റ്എം.കെ യൂസഫ്, വര്‍ക്കല ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സി എസ് രാജീവ്,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അരുണ്‍ രാജ്, വര്‍ക്കല താലൂക്ക് ആശുപത്രി സൂപ്രണ്ട് ബിജു നെല്‍സണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.