വർക്കലയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പോലീസ് സ്റ്റേഷൻ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

വർക്കല: വർക്കല പോലീസ് സ്റ്റേഷനിൽ പുതുതായി പണികഴിപ്പിച്ച ഇരുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം നിർവഹിച്ചു. ഇതോടനുബന്ധിച്ച് വർക്കല പോലീസ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ അഡ്വ. വി.ജോയി എംഎൽഎ അധ്യക്ഷത വഹിച്ചു. ഡിജിപി ലോക്നാഥ് ബഹ്റ വിഡിയോ കോൺഫറൻസിലൂടെ സ്വാഗതം പറഞ്ഞു.

പച്ചക്കറി തോട്ടവും മീൻ കുളവും കുട്ടികൾക്കായുള്ള പാർക്കും പൂന്തോട്ടവും വായനശാലയുമൊക്കെയായി നാടിനോടു ചേർന്നു നിൽക്കുന്നതാണ് പുതിയ വർക്കല പൊലീസ്‌ സ്‌റ്റേഷൻ. പഴയ കെട്ടിടം പൊളിച്ച് അതേ സ്ഥാനത്താണ് പുതിയ കെട്ടിടം പണിതത്. 1.39 കോടി രൂപ ചെലവഴിച്ച് 7300 ചതുരശ്രയടിയിൽ ഹാബിറ്റാറ്റാണ് ഇരുനില കെട്ടിടം നിർമിച്ചത്.ആർക്കിടെക്ട് ജി ശങ്കറാണ് കെട്ടിടം രൂപകല്പന ചെയ്തത്.
ഇരുനില കെട്ടിട്ടത്തിന്റെ താഴത്തെ നിലയില്‍ എസ്എച്ച്ഒ, എസ്ഐമാരുടെ മുറികള്‍, ഓഫീസ്, റെക്കോഡ്‌സ്‌ മുറി, പുരുഷ- വനിതാ ലോക്കപ്പുകള്‍, വനിത, സിറ്റിസണ്‍ ഹെല്‍പ് ഡെസ്‌കുകള്‍, വിസിറ്റേഴ്‌സ് ലോഞ്ച് എന്നിവയാണുള്ളത്. ഒന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, പുരുഷ- വനിതാ പൊലീസുകാരുടെ വിശ്രമ മുറി, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിങ്, സിസിടിഎന്‍എസ്, കണ്‍ട്രോള്‍ റൂം എന്നിവയും. മുന്‍ഭാഗത്ത് ഇന്റർലോക്കിങ്‌ പാകിയിട്ടുണ്ട്‌. സ്റ്റേഷന് മുന്നിലെ മതിലില്‍ ട്രാഫിക് ബോധവൽക്കരണം, മയക്കുമരുന്ന്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം എന്നിവയുമായി ബന്ധപ്പെട്ട സന്ദേശങ്ങളും പതിച്ചിട്ടുണ്ട്.
1922-ലാണ് വര്‍ക്കല മൈതാനത്തിന്റെ ഹൃദയഭാഗത്തായി പൊലീസ് സ്‌റ്റേഷന്‍ നിലവില്‍വന്നത്. ബ്രിട്ടീഷുകാരുടെ കാലത്താണ് 3000 ചതുരശ്ര അടിയുള്ള ഓടുപാകിയ കെട്ടിടം പണിതത്. 80 വര്‍ഷത്തിലധികം സ്‌റ്റേഷൻ പ്രവര്‍ത്തിച്ചത് പഴയ കെട്ടിടത്തിലാണ്.

വർക്കല നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ്, ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവ പ്രകാശ്, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അസീം ഹുസൈൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്. ഷാജഹാൻ, എഎസ്പി. ഇ.എസ് ബിജുമോൻ, ആറ്റിങ്ങൽ ഡിവൈഎസ്പി എസ് വൈ സുരേഷ്, നഗരസഭാ കൗൺസിലർ ശുഭ ഭദ്രൻ വർക്കല എസ് എച്ച് ഒ ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. റൂറൽ എസ് പി. ബി.അശോകൻ നന്ദിയും പറഞ്ഞു.