വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം, അറസ്റ്റുകൾ രേഖപ്പെടുത്തി

വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിൽ തിരിവോണ തലേന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മിഥിലാജിനേയും ഹഖ് മുഹമ്മദിനേയും വെട്ടിക്കൊന്ന കേസിൽ കോൺഗ്രസുകാരായ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ആറ് പേരെയാണ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇതിൽ ഷജിത്ത്, നജീബ്, അജിത്ത്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്‌.

കൃത്യത്തിന്റെ ആസൂത്രണത്തിലും പ്രതികളെ സഹായിച്ചതിലും ഇവർക്ക് പങ്കുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മുഖ്യ പ്രതികളായ സജീവ്, സനൽ എന്നിവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തുമെന്നാണ് സൂചന.

ഇനി പിടിയിലാവാനുള്ള അൻസാർ, ഉണ്ണി എന്നിവർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. എങ്കിലും പ്രധാന പ്രതികളെന്ന് കരുതുന്ന ആറ് പേരെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കാൻ കഴിയുന്നതിലെ ആശ്വാസത്തിലാണ് പോലീസ്. രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് സംഭവത്തിന് പിന്നിലെന്നതിന് കൂടുതൽ വ്യക്തതയും പോലീസിന് വന്നിട്ടുണ്ട്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കലാശക്കൊട്ടിൽ തുടങ്ങിയ വൈരാഗ്യമാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. കലാശക്കൊട്ടിനിടെ സംഘർഷമുണ്ടായിരുന്നു. തുടർന്ന് നടന്ന പല അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇരുകൂട്ടർക്കുമെതിരെ നിരവധി കേസുകളും ഉണ്ടായിരുന്നു. പിടികൂടാനുള്ള മറ്റ് രണ്ട് പേർക്കുമായി റൂറൽ ജില്ലകളിലും സമീപ ജില്ലകളിലുമടക്കം പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുമുണ്ട്.

കൊലപാതകത്തിന് ശേഷം ഇന്നലെ ജില്ലയിലെ കോൺഗ്രസ് ഓഫീസുകൾക്കെതിരേ വ്യാപക അക്രമം നടന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് വെമ്പായം പഞ്ചായത്തിൽ ഇന്ന് യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട മിഥിലാജ് ഡി.വൈ.എഫ്.ഐ. തേവലക്കാട് യൂണിറ്റ് സെക്രട്ടറിയും, ഹഖ് മുഹമ്മദ് സി.പി.എം. കലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമാണ്.