വെഞ്ഞാറമൂട് ഇരട്ട കൊലപാതകം : ആറ്റിങ്ങലിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ഉത്രാടദിന രാത്രിയിൽ വെഞ്ഞാറമൂട്ടിലെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ നിഷ്ഠൂരം വെട്ടി കൊലപ്പെടുത്തിയ കോൺഗ്രസിന്റെ ഗുണ്ടാ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചത്.

ആറ്റിങ്ങൽ ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലംകോട് ജംഗ്‌ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്.അനൂപ് പ്രതിഷേധ തെരുവ് ഉദ്ഘാടനം ചെയ്തു.പ്രതികളെ കൊലപാതകത്തിന് സഹായിച്ച കോൺഗ്രസ് എം.പി അടൂർ പ്രകാശ് ഉൾപ്പടെയുള്ളവരുടെ നേതൃത്വ നിരയുടെ വ്യക്തമായ പങ്ക് അന്വേഷിക്കണമെന്നും, വെഞ്ഞാറമൂട് മേഖലയിലെ കർമ്മനിരതരായ രണ്ട് ചെറുപ്പക്കാരായിരുന്നു ഹക്ക് മുഹമ്മദും, മിഥിലാജും. ഇവരുടെ വിയോഗം നാടിനും, കുടുംബത്തിനും, സംഘടനക്കും തീരാ നഷ്ട്ടമാണെന്നും ആർ.എസ്.അനൂപ് പറഞ്ഞു.

മേഖലാ പ്രസിഡന്റ് അഖിൽ, സെക്രട്ടറി അനസ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.മുരളി, എ.ആർ.നജാം, സാബു, അജീഷ് തുടങ്ങിയവർ സംസാരിച്ചു.

ഡിവൈഎഫ്ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ തെരുവ് ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ സെക്രട്ടറി വിഷ്ണു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഐ(എം)ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ.സി.ജെ രാജേഷ്‌കുമാർ, ആർ.രാജു, ഡിവൈഎഫ്ഐ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം സംഗീത്,വെസ്റ്റ് മേഖല സെക്രട്ടറി സുഖിൽ, പ്രസിഡന്റ്‌ ശ്രീജിത്ത്‌, ട്രെഷറർ പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.