സംസ്ഥാനത്തെ ആദ്യ എസ്.പി.സി അമിനിറ്റി സെൻ്റർ വിതുര സ്കൂളിൽ

സംസ്ഥാന ആഭ്യന്തര വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കി വരുന്ന സ്റ്റുഡൻ്റ് പോലീസ് കെഡറ്റ് പദ്ധതിയുടെ ആദ്യത്തെ അമിനിറ്റി സെൻ്ററിന് തിരുവനന്തപുരം ജില്ലയിലെ വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കൻ്ററി സ്കൂളിൽ തറക്കല്ലിട്ടു. അരുവിക്കര കെ .എസ് .ശബരീനാഥൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ചാണ് അമിനിറ്റി സെൻ്റർ നിർമ്മിക്കുന്നത്. ഒരു ഓഫീസ് മുറി, ലൈബ്രറി, കുട്ടികൾക്കുള്ള വിശ്രമമുറി, ടോയ്ലറ്റ് എന്നിവയാണ് സെൻ്ററിൽ ഉള്ളത്. 2010 ആഗസ്റ്റ് 2 ന് സംസ്ഥാനത്ത് ആരംഭിച്ച സ്റ്റുഡൻ്റ് പോലീസ് കെഡറ്റ് പദ്ധതി ഇന്ന് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.നിയമം സ്വമേധയാ അനുസരിക്കുന്ന ഉത്തരവാദിത്തമുള്ള ഒരു തലമുറയെ വാർത്തെടുക്കലാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്ത് നിരവധി മാതൃകാ പ്രവർത്തനങ്ങൾ നടപ്പിലാക്കിയ എസ്. പി.സി.യൂണിറ്റുകളിൽ ഒന്നാണ് വിതുര സ്കൂളിലേത്. 2012 ൽ വിതുര സ്കൂളിൽ ആരംഭിച്ച യൂണിറ്റിന് നിരവധി അംഗീകാരങ്ങളും ഇതിനോടകം ലഭിച്ചിട്ടുണ്ട്. മികച്ച പ്രവർത്തനങ്ങൾക്ക് വിതുര സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കെഡറ്റ് പദ്ധതിക്കുള്ള അംഗീകാരമാണ് പുതിയ അമിനിറ്റി സെൻ്ററെന്ന് എം.എൽ.എ പറഞ്ഞു. പദ്ധതിക്ക് സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിക്കാനായി 2016ൽ ഒരു ലക്ഷം രൂപയും എം.എൽ.എ.ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നു. സ്കൂളിൽ നടന്ന ചടങ്ങിൽ എം.എൽ.എ കെ.എസ്.ശബരീനാഥൻ, പ്രിൻസിപ്പൽ  ഡോ.എസ്.ഷീജ, വൈസ് പ്രിൻസിപ്പൽ ദീപ, വി.എച്ച്.എസ്.ഇ സെക്ഷൻ ഇൻ ചാർജ് മറിയാമ്മ ചാക്കോ, എസ്.പി.സി.പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർ  ദിനരാജ്, എ.ഡി.എൻ.ഒ റ്റി.അനിൽകുമാർ, വിതുര സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.ശ്രീജിത്ത് , സബ് ഇൻസ്പെക്ടർ  എസ്.എൽ.സുധീഷ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽ നാഥ് അലി ഖാൻ, വാർഡ് അംഗങ്ങളായ ജി.ഡി. ഷിബുരാജ്, ജലജകുമാരി , പി.റ്റി.എ.അംഗം ബിനു, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ കെ .അൻവർ,  ഷീജ.വി.എസ്, ഡ്രിൽ ഇൻസ്ട്രക്ടർമാരായ വി .വി.വിനോദ്,  സൈനി കുമാരി തുടങ്ങിയവർ സംബന്ധിച്ചു.