ജീവനക്കാർക്ക് കൊവിഡ്:  ആറ്റിങ്ങൽ മൈ ജി മൊബൈൽ ഷോപ്പ് താൽക്കാലികമായി അടക്കാൻ നിർദേശം

 

ആറ്റിങ്ങൽ: പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന മൈ ജി എന്ന പ്രമുഖ സ്മാർട്ട് ഫോൺ വ്യാപാര കേന്ദ്രമാണ് നഗരസഭ താൽക്കാലികമായി അടപ്പിച്ചത്. ഇവിടത്തെ 2 ജീവനക്കാർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. അഴൂർ സ്വദേശി 20 കാരനും, ചിറയിൻകീഴ് സ്വദേശി 26 കാരനുമാണ് കൊവിഡ് ബാധിച്ചത്. രോഗ ലക്ഷണം ഉണ്ടായതിനെ തുടർന്ന് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ആന്റിജൻ ടെസ്റ്റ് നടത്തുകയും രോഗം സ്ഥിരീകരിക്കുകയും ആയിരുന്നു. ഇവരെ ഹോം ഐസൊലേഷനിലേക്ക് മാറ്റി. കൂടാതെ 7 പേർ ജോലി ചെയ്യുന്ന ഈ സ്ഥാപനത്തിലെ മറ്റ് പലർക്കും ശരീരിക അസ്വാസ്ത്യങ്ങൾ ഉള്ളതായി മനസിലാക്കാൻ കഴിഞ്ഞു. ഇവരെ അടിയന്തിരമായി സ്രവ പരിശോധനക്ക് വിധേയരാക്കും. അടുത്ത ദിവസങ്ങളിൽ ഈ സ്ഥാപനം സന്ദർശിച്ചവർ കർശനമായി ജാഗ്രത പുലർത്തണം. നഗരസഭ ഡിസ് ഇൻഫെക്ഷൻ ടീം സ്ഥാപനവും പരിസരവും അണുനശീകരണം നടത്തിയെന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജി.എസ്.മഞ്ചു പറഞ്ഞു.

നേരത്തെ മറ്റൊരു ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട സ്ഥാപനം ഈ മാസം 5 നാണ് തുറന്ന് പ്രവർത്തനം ആരംഭിച്ചത്. ഇതോടെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ രണ്ടാം വട്ടം അടച്ചിടുന്ന നഗരത്തിലെ ആദ്യ സ്ഥാപനമാണിത്. വിവിധ സ്ഥലങ്ങളിൽ നിന്ന് നഗരത്തിലെ സ്ഥാപനങ്ങളിലെത്തി പണിയെടുക്കുന്നത് നിരവധി ജീവനക്കാരാണ്. സ്ഥാപന ഉടമകൾ കർശനമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണം. അല്ലെങ്കിൽ വ്യാപാര മേഖലയിൽ തന്നെ വീണ്ടും വലിയ തകർച്ച സംജാതമാവും. രോഗലക്ഷണങ്ങൾ ഉള്ളവർ ജോലിക്കെത്തുന്നത് വളരെ വലിയ വെല്ലുവിളിയാണ്. രോഗലക്ഷണം ഉണ്ടായാൽ ജോലിക്കെത്തുന്നതിന് പകരം അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതാവും ഉജിതം എന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു.