Search
Close this search box.

ചിറ്റാറ്റിൻകര ഏലായിൽ സൗഹാർദത്തിന്റെ രണ്ടാം ഘട്ട കൊയ്ത്ത് സംഘടിപ്പിച്ചു

eiAZ6H093222

 

ആറ്റിങ്ങൽ: നഗരസഭ 14-ാം വാർഡ് ചിറ്റാറ്റിൻകര ഏലായിലാണ് രണ്ടാം ഘട്ട കൊയ്ത്ത് സംഘടിപ്പിച്ചത്. ഏകദേശം ഒന്നേകാൽ ഏക്കറിലാണ് ഇക്കഴിഞ്ഞ ജൂൺ 24 ന് വിത്തിട്ടത്. തുടർന്ന് ജൂലൈ 19 ന് ഞാറു നടുകയും, ഒക്ടോബർ 18 ന് ആദ്യ ഘട്ട കൊയ്ത്തും സംഘടിപ്പിച്ചു. ഒന്നാം ഘട്ട കെയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം അഡ്വ.ബി.സത്യൻ എം.എൽ.എ യും നഗരസഭ ചെയർമാൻ എം.പ്രദീപും നിർവ്വഹിച്ചു.

രണ്ടാം ഘട്ട കൊയ്ത്ത് കഴിഞ്ഞ ദിവസം വാർഡ് കർഷക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. രണ്ട് തവണയായി സമൃദ്ധമായ വിളവാണ് ലഭിച്ചത്. വിളവെടുപ്പിൽ ഏകദേശം മൂന്നര ടൺ നെല്ല് കർഷകർ സംഭരിച്ചു. ഡി.വൈ.എഫ്.ഐ വോളന്റിയർമാരുടെ നേതൃത്വത്തിൽ പ്രാചീന കൃഷി രീതിയായ മരമടിയും ഞാറ്റ് പാട്ടും സംഘടിപ്പിച്ചിരുന്നു. വിളവെടുത്ത നെല്ല് കർഷകരുടെ നേതൃത്വത്തിൽ യാഡുകളിൽ എത്തിച്ച് വിപണനത്തിന് തയ്യാറാക്കി. മുനിസിപ്പൽ ടൗൺ സർവ്വീസ് സഹകരണ ബാങ്ക് വഴിയായിരിക്കും വിപണിയിൽ എത്തിക്കുക.

രാജഭരണ കാലം മുതൽ ചിറ്റാറ്റിൻകര ദേശം കൃഷിക്കും കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനത്തിനും പേര് കേട്ട നാടായിരുന്നു. കൂടാതെ ചിറ്റാറ്റിൻകര ക്ഷേത്രത്തിൽ പണ്ട് മുതലെ കതിര് കാള എന്ന വിശ്വാസ സമ്പ്രദായം കൃഷിക്ക് ഈ നാടിനോടുള്ള അടുപ്പം ചൂണ്ടിക്കാട്ടുന്നു. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഇടക്കോട് മുസ്ലിം പളളിയും ഇവിടുത്തെ കാർഷിക സംസ്കൃതി നിലനിർത്തുന്നതിന് മുഖ്യ പങ്ക് വഹിച്ചിരുന്നതായി ചരിത്രത്തിൽ കാണാൻ കഴിയും. അക്കാലത്ത് ജാതി മത ഭേദമന്യ ചിറ്റാറ്റിൻകരയിലെ ഭൂരിഭാഗം വരുന്ന പാടങ്ങളിലും ഒരുമിച്ച് കൃഷിയിറക്കി വിളവെടുത്തിരുന്നു. പതിറ്റാണ്ടുകൾക്കിപ്പുറം ഈ കാർഷിക സംസ്കാരമാണ് നിലച്ചത്. കാൽ നൂറ്റാണ്ടിലേറെയായി തരിശ് കിടന്നിരുന്ന ഒന്നേകാൽ ഏക്കറിൽ വാർഡ് കൗൺസിലർ എം.താഹിറിന്റെയും വാർഡ് കർഷക സമിതിയുടെയും നേതൃത്വത്തിൽ കൃഷി ചെയ്ത് പൊന്ന് വിളയിച്ചത്. കൃഷി ഓഫീസർ വി.എൽ.പ്രഭ, കർഷക സംഘം ആറ്റിങ്ങൽ ഈസ്റ്റ് വില്ലേജ് സെക്രട്ടറി രാധാകൃഷ്ണ കുറുപ്പ്, കർഷക സമിതി രക്ഷാധികാരി ബി.സി.ഡി സുധീർ, സെക്രട്ടറി മംത്തിൽ മുരളി, പ്രസിഡന്റ് സുരേന്ദ്രൻ, അംഗങ്ങളായ രാമചന്ദ്രൻ, വിജയകുമാരി, ഗിരിജ, സരള, രവിശങ്കർ, എ.ഡി.എസ് ചെയർപേഴ്സൺ രമ്യ, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അശോകൻ, അഖിൽ, അനസ്, സാബു എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!